പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (ആയുഷ്മാന്‍ ഭാരത് ) പദ്ധതിയില്‍ ഗുരുതര ക്രമക്കേടെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ട്. അസാധുവായ പേരുകള്‍, വ്യാജ ജനനത്തീയതി, വ്യാജ തിരിച്ചറിയല്‍ രേഖകള്‍, കുടുംബാംഗങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയ സിഎജി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ സമര്‍പ്പിച്ചു.
7,49,820 പേര്‍ അവരുടെ ഫോണ്‍ നമ്പറായി ചേര്‍ത്തിരിക്കുന്നത് 9999999999 എന്ന ഒറ്റ നമ്പറാണെന്ന് സിഎജി കണ്ടെത്തി. മറ്റൊരു നമ്പറായ 8888888888 വഴി 1.39 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 9000000000 എന്നത് 96,000 പേര്‍ പദ്ധതിയില്‍ തങ്ങളുടെ ഫോണ്‍ നമ്പറായി ചേര്‍ത്തിട്ടുണ്ട്. ഒരു ലക്ഷത്തോളം പേര്‍ 20 വ്യത്യസ്ത ഫോണ്‍ നമ്പറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതിന് ഫോണ്‍ നമ്പര്‍ പ്രധാനമായിരിക്കെ പലര്‍ക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയ്ക്ക് അറുതി വരുത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലാണ് വ്യാപകമായ തട്ടിപ്പും വീഴ്ചകളും കണ്ടെത്തിയിരിക്കുന്നത്. അംഗങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ യഥാസമയം പരിശോധിക്കാനോ വീഴ്ചകള്‍ തിരുത്താനോ അധികൃതര്‍ തയ്യാറായിട്ടില്ല.
പദ്ധതിയില്‍ അംഗങ്ങളായ പലരും സമര്‍പ്പിച്ചിരിക്കുന്ന കുടുംബാഗങ്ങളുടെ വിവരം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. 43,197 കുടുംബങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന അംഗങ്ങളുടെ എണ്ണം പതിനൊന്ന് മുതല്‍ 201 വരെയാണ്. ഇത്തരം വീഴ്ചകള്‍ രജിസ്ട്രേഷനില്‍ സംഭവിച്ചത് ഗുരുതരപിഴവാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.
അപേക്ഷകളിലെ ഫോണ്‍ നമ്പറില്‍ പിഴവ് സംഭവിച്ചതായി ദേശീയ ആരോഗ്യ ദൗത്യം അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. തെറ്റ് തിരുത്തുന്ന നടപടി ഗുണഭോക്താക്കളുടെ തിരിച്ചറിയല്‍ വേളയില്‍ പരിഹരിക്കുമെന്നാണ് വിശദീകരണം. തിരിച്ചറിയല്‍ വേളയില്‍ ഓരോ അംഗങ്ങളും അവരവരുടെ ഫോണ്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
English Summary: Ayushman Bharat Scam; Seven lakh registrations on one phone number
You may also like this video