Site iconSite icon Janayugom Online

ആയുഷ്മാന്‍ ഭാരത്: പദ്ധതി വിനിയോഗത്തില്‍ മുന്നില്‍ ദക്ഷിണേന്ത്യ

ആരോഗ്യ സംരക്ഷണ മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട്. തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. കേരളം, കര്‍ണാടക എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. പദ്ധതിക്കു കീഴില്‍ ക്ലെയിം ചെയ്യപ്പെടുന്ന അഞ്ചു കേസുകളില്‍ ഒന്നുവീതം തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ്.

പദ്ധതി നന്നായി വിനിയോഗിച്ച അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിൽ കർണാടക മാത്രമാണ് ഭാരതീയ ബിജെപി ഭരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം പിഎംജെഎവൈയിലെ ആകെ 3,67,39,198 ക്ലെയിമുകളില്‍ 67,40,887ഉം (18 ശതമാനം) തമിഴ്‌നാട്ടില്‍ നിന്നാണ്. കേരളം (44,75,503) കര്‍ണാടക (34,66,884) എന്നിങ്ങനെയാണ് കണക്ക്. സിക്കിം (8543), അരുണാചല്‍പ്രദേശ് (2700) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിറകില്‍. ഏറ്റവും കുറവ് ക്ലെയിമുകള്‍ നടത്തിയ കേന്ദ്രഭരണപ്രദേശം ലക്ഷദ്വീപ് ആണ്, 245.
ആരോഗ്യ മേഖലയില്‍ നേരത്തെ തന്നെ ഇന്‍ഷുറസ് പദ്ധതികള്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു.

കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും കർണാടകയിലെ ആരോഗ്യ കർണാടക പദ്ധതിയും ഉപഭോക്താക്കളെ കണ്ടെത്താന്‍ കൂടുതല്‍ സഹായകമായി. പിഎംജെഎവൈ പദ്ധതിയില്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഗുജറാത്തിലും മുഖ്യമന്ത്രി അമൃതം എന്ന പരിപാടി ഉണ്ടായിരുന്നു.
പദ്ധതി ആരംഭിച്ചതു മുതല്‍ 15.96 കോടിയിലധികം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതിലെ 63.23 ലക്ഷം (17 ശതമാനം) ക്ലെയിമുകളും ഡയാലിസിസിനു വേണ്ടിയുള്ളതാണ്. ഡയാലിസിസിന്റെ ചെലവ് ലഘൂകരിക്കുന്നതിനു വേണ്ടി കേന്ദ്രം ഒരു ദേശീയ ഡയാലിസിസ് പദ്ധതിയും നടത്തുന്നുണ്ട്. എന്നാല്‍ സ്വകാര്യമേഖലയിലെ ഡയാലിസിസ് കേന്ദ്രങ്ങള്‍ ഇതില്‍ ഉൾപ്പെടുന്നില്ല. കോവിഡ് പരിശോധനാ ക്ലെയിമുകളാണ് രണ്ടാമതായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയതെന്നും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.

Eng­lish Sum­ma­ry: Ayush­man Bharat: South India leads in scheme utilization
You may also like this video

YouTube video player
Exit mobile version