ബ്രാഹ്മണിക്കൽ ഹിന്ദുമത നിയമസംഹിതക്കും സവർണാധിപത്യ വ്യവസ്ഥക്കും ജാതീയ വിവേചനങ്ങൾക്കുമെതിരായ അധഃസ്ഥിതരുടെ ഉയിർത്തെഴുന്നേല്പ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആരംഭിക്കുന്നുണ്ടെങ്കിലും അതൊരു ശക്തമായ ബഹുജനപ്രസ്ഥാനമായി രൂപാന്തരപ്പെടുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിലുമാണ്. ശ്രീനാരായണഗുരുവിന്റെയും അയ്യൻകാളിയുടെയും നേതൃത്വത്തിൽ നടന്ന കീഴാള നവോത്ഥാന മുന്നേറ്റങ്ങളാണ് നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടുകിടന്നിരുന്ന അധഃസ്ഥിതരെ ചരിത്ര പുരോഗതിയിലേക്കും സാമൂഹ്യ നവോത്ഥാനത്തിന്റെയും മനുഷ്യാവകാശ പോരാട്ടങ്ങളുടെയും പാതയിലേക്കു നയിച്ചത്. അയ്യൻകാളിയുടെ പ്രസ്ഥാനം ഒരിക്കലും ആത്മീയതയുടെ ചട്ടക്കൂടിനുള്ളിൽ വളർന്നു വികസിച്ചവയല്ല. മതത്തിന് അദ്ദേഹം വലിയ പ്രാമുഖ്യം നൽകിയിരുന്നില്ല. തിരുവിതാംകൂറിലെ മുഴുവൻ അയിത്ത ജാതിക്കാരെയും അണിനിരത്തിക്കൊണ്ട് (പുലയർ, പറയർ, കുറവർ, പുലയകിസ്ത്യാനി തുടങ്ങിയവർ) അദ്ദേഹം രൂപീകരിച്ച സംഘടനയായിരുന്നു സാധുജനപരിപാലനസംഘം. അക്ഷരാഭ്യാസമില്ലാത്ത അയ്യൻകാളി കീഴാള നവോത്ഥാന പ്രത്യയ ശാസ്ത്രങ്ങൾ മുന്നോട്ടുവെച്ച എല്ലാ ആധുനിക മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും പ്രായോഗികവൽക്കരിക്കുവാൻ ശക്തമായ പോരാട്ടങ്ങൾ നടത്തി. ഇക്കാലം വരെ നിലനിന്നു പോന്നിരുന്ന ഹിന്ദുമത പ്രത്യയശാസ്ത്രങ്ങളും ധർമ്മസംഹിതകളുമെല്ലാം ബ്രാഹ്മണ്യാധികാര വ്യവസ്ഥയിൽ വേരുറച്ചതായിരുന്നു. സവർണാധീശത്വത്തിൽ അടിയുറച്ചു നില്‍ക്കുന്ന ബ്രാഹ്മണിക്കൽ ഹൈന്ദവ മതസങ്കല്പങ്ങൾക്ക് മനുഷ്യാവകാശങ്ങളും മനുഷ്യസമത്വവും മനുഷ്യസാഹോദര്യവും തുടങ്ങിയ മാനുഷിക മൂല്യങ്ങളെല്ലാം അവരുടെ മത ചട്ടക്കൂടിനു വെളിയിലാണ്. ജാതി സമൂഹത്തിൽ മനുഷ്യനില്ല എന്നു ചുരുക്കം. അവിടെ ബ്രാഹ്മണനും, ശൂദ്രനും, പുലയനും, ഈഴവനും, പറയനും മാത്രമാണുള്ളത്. ഈ ഇരുകാലി ജന്തുക്കളെ ഇരുകാലി മനുഷ്യരാക്കി മാറ്റിയത് നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ്. മാനവവാദത്തിലും ജാതി വിരുദ്ധതയിലും അധിഷ്ഠിതമായ മനുഷ്യാവകാശ പോരാട്ടങ്ങളാണ് മഹാത്മാ അയ്യൻകാളി നിർവഹിച്ചത്. കാലത്തിന്റെ തികച്ചും ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു അയ്യൻകാളി പ്രസ്ഥാനം. ഈ മനുഷ്യാവകാശ പോരാട്ടങ്ങൾക്കുവേണ്ടി അദ്ദേഹം മതത്തിന്റെയോ ആത്മീയതയുടേയോ ചിഹ്നങ്ങളെ സമരായുധമാക്കിയിരുന്നില്ല. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം ജാതിമേധാവിത്വത്തോടും പൈശാചികമായ ജാതി നിയമങ്ങളോടും ഏറ്റുമുട്ടിയത്. സമൂഹത്തിന്റെ താണപടിയിലെ മുഴുവൻ വർണ്ണബാഹ്യരായ അധഃസ്ഥിതരെയും ഒന്നിച്ചണിനിരത്തിക്കൊണ്ടു അവരുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള സമരപദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. സാധുജനപരിപാലന സംഘം അതിന്റെ തിരുവിതാംകൂറിലെ ആയിരത്തോളം ശാഖകളിൽ നടത്തിയ ബോധവൽക്കരണ ക്ലാസുകളിൽ, സഞ്ചാര സ്വാതന്ത്ര്യ സമരത്തിൽ, സ്കൂൾ പ്രവേശനാവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ, ജാതി ചിഹ്നങ്ങൾ വലിച്ചെറിഞ്ഞുകൊണ്ട് ആധുനിക മനുഷ്യരെപ്പോലെ ജീവിക്കാൻ വേണ്ടി നടത്തിയ കല്ലുമാല ബഹിഷ്ക്കരണ സമരത്തിൽ, ഭൂമിക്കുവേണ്ടി പ്രജാസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ, നിവേദനങ്ങളിൽ, കാർഷിക പണിമുടക്കു സമരത്തിൽ എല്ലാം ഉയർന്നുനിന്നിരുന്നത് മനുഷ്യാവകാശങ്ങൾ തന്നെയായിരുന്നു.
മഹാത്മാ അയ്യൻകാളിയുടെ വേഷവും ഭാവവുമെല്ലാം ഒരിക്കലും അക്കാലത്തെ അയിത്ത ജാതിക്കാരന്റേതായിരുന്നില്ല. സവർണജാതി നിയമങ്ങൾ അടിച്ചേല്പിച്ചിരുന്ന അയിത്തജാതിക്കാരുടെ വേഷമായിരുന്നില്ല അദ്ദേഹം ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വേഷവിതാനം പോലും ജാത്യാചാരങ്ങളോടും സവർണാധിപത്യത്തോടുമുള്ള കലഹമായിരുന്നു. അയ്യൻകാളിയുടെ ഇടപെടലുകൾ, സമരങ്ങൾ എല്ലാം മനുഷ്യാവകാശങ്ങൾക്കു വേണ്ടി മാത്രമായിരുന്നു. തന്റെ ആത്യന്തിക ലക്ഷ്യം പത്തു ബിഎ ക്കാരെ സമുദായത്തിനകത്ത് സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ മതങ്ങൾക്കതീതമായ ഒരു മാനവികതയെ കേരളീയ സമൂഹത്തിൽ സൃഷ്ടിക്കാൻ ശ്രമിച്ച നവോത്ഥാന നായകരിലെ അപൂർവ മനുഷ്യരിൽ ശ്രദ്ധേയനായിരുന്നു അയ്യൻ കാളി. തികച്ചും മനുഷ്യാവകാശങ്ങളിൽ അധിഷ്ഠിതമായ അയിത്തജാതിക്കാരുടെ പൊതുവഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം, സ്കൂൾ പ്രവേശനാവകാശം, സ്ഥിരമായ താമസത്തിനു വേണ്ടിയുള്ള ഭൂമിയും, സർക്കാർ സ്ഥാപനങ്ങളിൽ ഉദ്യോഗം ലഭിക്കുന്നതിനും അധഃസ്ഥിതരെ മനുഷ്യരാക്കി മാറ്റുന്നതിനും വേണ്ടി മാത്രമാണ് അദ്ദേഹം പ്രക്ഷോഭണങ്ങൾ സംഘടിപ്പിച്ചത്. 1893 ൽ അദ്ദേഹം നടത്തിയ മഹത്തായ വില്ലുവണ്ടി സമരം എല്ലാജാതി മതസ്ഥർക്കും പൊതുവഴിയിലൂടെ സഞ്ചരിക്കുന്നതിനുള്ള അവകാശം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള സമരമായിരുന്നു.
കേരളത്തിലെ ആദ്യത്തെ അയിത്തജാതിക്കാരനായ പ്രതിനിധി എന്ന നിലയിൽ അയ്യൻ കാളി 1912 ഫെബ്രുവരി 26 മുതൽ 1933 ഫെബ്രുവരി 22 വരെ ശ്രീമൂലം പ്രജാസഭയിൽ പ്രവർത്തിക്കുകയുണ്ടായി. ഇക്കാലയളവിൽ അദ്ദേഹം 38 പ്രസംഗങ്ങൾ നടത്തിയതായ രേഖകൾ ഇപ്പോൾ ലഭ്യമാണ്. 1932 മാർച്ച് ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രസംഗം. ഇവയിൽ ഏറ്റവും കൂടുതൽ അധഃസ്ഥിതരുടെ വിദ്യാഭ്യാസ അവകാശത്തിനും താമസിക്കുന്നവർക്ക് ദലിത് വിഭാഗങ്ങൾക്ക് ഭൂമിയുടെ മേൽ ഉടമ സ്ഥാവകാശം ലഭിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയായിരുന്നു. പക്ഷേ ഭൂമിപതിച്ചു കിട്ടുന്നതിൽ അധഃസ്ഥിതർ പലവിഷമങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥി കൾക്ക് സ്കൂൾ പരീക്ഷാഫീസ് അടയ്ക്കുന്നതിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അതുപോലെ പുലയ ക്രിസ്ത്യാനിയായ മിസ് റോസാഹെൻറി എന്ന വിദ്യാർത്ഥിനിക്ക് ഗവൺമെന്റ് പഠനസൗകര്യത്തിനായി സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്റെ ജീവിതം. മുഴുവൻ അധഃസ്ഥിതരെയും ഒരുസമുദായമെന്നു കരുതി അവരുടെമനുഷ്യാവകാശങ്ങൾക്കു വേണ്ടി അദ്ദേഹം ജീവിതാവസാനം വരെ പൊരുതി. തികച്ചും ബ്രാഹ്മണ്യവിരുദ്ധവും ജാതിവിരുദ്ധവും ആയിരുന്നു അയ്യൻ കാളിയുടെ നവോത്ഥാന മൂല്യസങ്കല്പം. അതിൽ ആത്മീയതയുടെ സ്പർശമുണ്ടായിരുന്നില്ല. അതുകൊണ്ട് ഇതിനെ അയ്യങ്കാളി പ്രബുദ്ധത എന്നു പറയാം. അക്കാലത്തെ മനുഷ്യരുടെ കാര്യങ്ങളും സാമൂഹ്യ പ്രകിയകളും അയ്യൻകാളി ആഴത്തിൽ തന്നെ മനസിലാക്കിയിരുന്നു. പ്രായോഗിക ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം സാമൂഹ്യ ഇടപെടലുകൾക്കു ആവശ്യമായ പദ്ധതികൾ രൂപം നൽകിയത്. ജാതികളും ഉപജാതികളുമായി വേർതിരിക്കപ്പെട്ട ബ്രാഹ്മണിസ്റ്റ് സാമൂഹ്യ ചട്ടക്കൂടിൽ ഇവ തമ്മിലുള്ള ഉരസലുകളിലൂടെയും സംഘർഷങ്ങളിലൂടെയുമാണ് സാമൂഹ്യമാറ്റങ്ങൾ സംഭവിക്കുന്നതെന്ന് ആ മഹാവിപ്ലവകാരി തിരിച്ചറിഞ്ഞിരുന്നു.
ഇപ്പോൾ അയ്യൻ കാളിയെ സനാതന/ഹൈന്ദവ മതധർമ്മത്തിന്റെ സംരക്ഷകനും പോരാളിയുമാക്കിത്തീർക്കാൻ സവർണ ഹിന്ദു മതത്തിന്റെ വക്താക്കൾ വ്യാപക ശ്രമങ്ങൾ ഒരു ഭാഗത്ത് നടത്തിവരികയാണ്. മറുഭാഗത്ത് അദ്ദേഹത്തെ അധിക്ഷേപിക്കുവാനും തമസ്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇപ്പോഴും ഇന്ത്യയിലെമ്പാടും ദലിതരും മതന്യൂനപക്ഷങ്ങളും നിരന്തരം വേട്ടയാടപ്പെടുകയാണ്. സാമൂഹ്യനീതിക്കുവേണ്ടി അവർ പൊരുതുകയാണ്. ഇന്ത്യാ ചരിത്രത്തെ മുഴുവൻ ദുർവ്യാഖ്യാനം ചെയ്ത് ഇന്ത്യൻ ചരിത്രവും സംസ്കാരവും ഹിന്ദുക്കളുടേതു മാത്രമാണെന്നു സമർത്ഥിക്കാൻ ബ്രാഹ്മണിക്കൽ ഹൈന്ദവ ഫാസിസ്റ്റുകൾ നിരന്തരം ശ്രമിക്കുന്നു. കേരളത്തിലെ നവോത്ഥാന സമരനായകരെ ഹിന്ദുധർമ്മത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും സമരനായകരാക്കുന്നു . ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവും അയ്യൻകാളിയും കെ പി കറുപ്പനും സഹോദരൻ അയ്യപ്പനുമെല്ലാം അവർക്കു സനാതന ഹൈന്ദവ മതത്തിന്റെ കാവൽക്കാരാണ്.
ഈ രീതിയിൽ ചരിത്രത്തെ വ്യാഖ്യാനിക്കുന്ന ഹിന്ദുത്വത്തിന്റെ ചരിത്രവിരുദ്ധമായ ഗൂഢ നീക്കങ്ങൾക്കെതിരെ ശബ്ദിക്കേണ്ടതാണ്.
മാനവികതയിലും സമത്വത്തിലും മതനിരപേക്ഷതയിലും ജാതി വിരുദ്ധതയിലും അധിഷ്ഠിതമായ പുതിയൊരു കീഴാള ബദൽ നവോത്ഥാന സങ്കല്പങ്ങളെ ഉയർത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിന്റെയും അയ്യൻ കാളിയുടെയും ലോകബോധവും പൈതൃകവുമെല്ലാം ഇന്ന് അസ്തമിച്ചുകൊണ്ടിരിക്കുന്നു. കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങൾ നല്‍കിയ ഈ ഊർജത്തെ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നതിൽ നാം കാണിച്ച അലസതയും നിഷ്ക്രിയത്വവുമാണ് ഇതിന് ഒരു പരിധിവരെ ഉത്തരവാദി. വൈകുണ്ഠ സ്വാമികൾ, ആറാട്ടുപുഴ വേലായുധപ്പണിക്കർ, ശ്രീനാരായണഗുരു, അയ്യൻകാളി, പണ്ഡിറ്റ് കറുപ്പൻ, സഹോദരൻ അയ്യപ്പൻ, പൊയ്കയിൽ അപ്പച്ചൻ, കാവാരികുളം കണ്ടൻ കുമാരൻ, വി ടി ഭട്ടതിരിപ്പാട്, തപസ്വി ഓമൽ, ആനന്ദതീർത്ഥർ, ബോധാനന്ദ സ്വാമികൾ തുടങ്ങിയവരുടെ നവോത്ഥാനസമര മുന്നേറ്റ പാരമ്പര്യത്തെ ഹിന്ദുത്വ ശക്തികളും വരേണ്യ /മേലാള നവോത്ഥാനത്തിന്റെ വക്താക്കളും പിടിച്ചെടുക്കുകയാണ്. ഈ കീഴാള നവോത്ഥാന നായകന്മാർ നിലകൊണ്ടത് കീഴാള ജനവിഭാഗങ്ങളെ അതിക്രൂരമായി അടിച്ചമർത്തുകയും പാർശ്വവൽക്കരിക്കുകയും ചെയ്ത വരേണ്യ മുഖ്യധാരാ സമൂഹത്തിനു വേണ്ടിയായിരുന്നില്ല, മറിച്ച് കീഴാള ജനതയുടെ വിമോചനത്തിനു വേണ്ടിയായിരുന്നു. കൊളോണിയിൽ അധികാരജ്ഞാനഘടനയിൽ അടിയുറച്ചു നിൽക്കുന്ന മേലാള നവോത്ഥാന സങ്കല്പങ്ങൾ തീർക്കുന്ന ചതിക്കുഴികളെ നമുക്ക് ഇപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ല. ജാതിപ്രമാണിമാർ ഇന്നു കീഴാള നവോത്ഥാന പ്രസ്ഥാനങ്ങളെ ജാതീയ സംഘടനകളാക്കി മാറ്റി കഴിഞ്ഞു. ഇത്തരമൊരു അവസ്ഥയിൽ കീഴാള ബദൽ ജനാധിപത്യ അധികാരത്തിന്റെ പുതിയൊരു രാഷ്ട്രീയ വ്യവഹാരം തന്നെ ഇവിടെ വളർന്നു വരേണ്ടതുണ്ട്.

