Site iconSite icon Janayugom Online

അയ്യപ്പനാശാരിയുടെ കൊലപാതകം: ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ

ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ(52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികള്‍ക്കും കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ കടച്ചിൽ അനി എന്ന അനിൽകുമാറിന് ജീവപര്യന്തം കഠിന തടവും 16,22,500 രൂപ പിഴയുമാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമേ നിയമവിരുദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയ്യേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾക്ക് 30 വർഷം അധിക തടവ് അനുഭവിക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം കൂടി അധിക തടവ് അനുഭവിക്കണം.

കേസിലെ രണ്ട് മുതൽ ഒമ്പത് വരെ പ്രതികൾക്ക് നിയമവിരുദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയ്യേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾക്ക് 30 വർഷം വീതം കഠിനതടവും 1,22,500 രൂപ വീതം പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക മരണപ്പെട്ട അയ്യപ്പനാശാരിയുടെ ആശ്രിതർക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെയും സഹോദരന്റെയും ആശ്രിതർക്ക് ലീഗൽ സർവീസ് അതോറിട്ടിയിലൂടെ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, അഡ്വ. അഖിലാ ലാൽ, അഡ്വ. ദേവികാ മധു എന്നിവർ ഹാജരായി. ഉപ്പ് സുനി എന്ന് വിളിക്കുന്ന സുനിൽകുമാർ(41), സുനിയുടെ സഹോദരൻ അനിൽ എന്ന് വിളിക്കുന്ന അനിൽകുമാർ(45), മനോജ്(38), ഉണ്ണി(41), ഗോവർധൻ എന്ന് വിളിക്കുന്ന സതീഷ് കുമാർ(43), പ്രദീഷ് എന്ന് വിളിക്കുന്ന സന്തോഷ്(41), സന്തോഷ്(42), ബീഡി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്(38) എന്നിവരാണ് രണ്ട് മുതൽ ഒമ്പത് വരെ പ്രതികൾ.

19 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണ ആരംഭിച്ചത് 19 വർഷങ്ങൾക്ക് ശേഷമാണ്. വിചാരണ തുടങ്ങും മുമ്പ് കേസിലെ കൂട്ടുപ്രതികളായ സനോജ്, പ്രകാശ്, സുരേഷ് എന്നിവർ മരണപ്പെട്ടു. 16 പ്രതികളാണ് വിചാരണ നേരിട്ടത്. ഏഴ് പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. 2004 ഓഗസ്റ്റ് 28ന് തിരുവോണ ദിവസമാണ് ആറ്റുകാൽ മേടമുക്ക് മുത്താരമ്മൻ കോവിലിന് സമീപം അയ്യപ്പനാശാരി കൊല്ലപ്പെടുന്നത്. പൂക്കടയിൽ നിന്ന് പൂക്കൾ എടുത്തതിനെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Eng­lish Sum­ma­ry: ayyap­panasari mur­der case
You may also like this video

Exit mobile version