Site iconSite icon Janayugom Online

അഭിമാനമായി അയ്യപ്പനും കോശിയും: ദേശീയ പുരസ്കാരത്തിൽ മലയാളത്തിന് മിന്നും നേട്ടം

Ayyappanum koshiyumAyyappanum koshiyum

രണ്ട് കഥാപാത്രങ്ങൾ. അവർക്കിടയിൽ വളരുന്ന ഈഗോ. . തുടർന്നുണ്ടാകുന്ന ഏറ്റുമുട്ടലുകൾ… ഒറ്റനോട്ടത്തിൽ സാധാരണമായൊരു കഥ. എന്നാൽ സച്ചി രചനയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും സ്ഥിരം നായക‑വില്ലൻ ചട്ടക്കൂടുകളെ പൊട്ടിച്ചെറിഞ്ഞ സിനിമയായിരുന്നു. സൗമ്യതയും വന്യതയും മാറിമാറി നിറയുന്ന മനുഷ്യമനസുകളിലൂടെയുള്ള സഞ്ചാരമായിരുന്നു ഈ ചിത്രം.
രണ്ടു കഥാപാത്രങ്ങളുടെ ഏറ്റുമുട്ടലിനപ്പുറം ഒരു നാടിന്റെ സാമൂഹ്യ‑രാഷ്ട്രീയ അന്തരീക്ഷമെല്ലാം ചേർത്തുവച്ച സിനിമ ജനപ്രിയ ഫോർമാറ്റിൽ ഒരുക്കിയപ്പോഴും പതിവ് കച്ചവട സിനിമകളിൽ നിന്ന് ബഹുദൂരം മാറിനിന്നു.
കലാമൂല്യമുള്ള സിനിമകളോട് ആഭിമുഖ്യമുണ്ടായിരുന്ന സച്ചി സിനിമയിൽ വാണിജ്യ സിനിമകളുടെ വഴിയിൽ സഞ്ചരിച്ച എഴുത്തുകാരനും സംവിധായകനുമാണ്. നിർമ്മാതാവിന് മുടക്കുന്ന പണം തിരികെ ലഭിക്കുക എന്നതാണ് പ്രധാനമെന്ന് കരുതിയപ്പോൾ തന്റെ സ്വപ്ന സിനിമകളെല്ലാം അദ്ദേഹം പിന്നേക്ക് മാറ്റിവെച്ചു. എന്നാൽ വാണിജ്യ സിനിമകളുടെ വഴിയിൽ സഞ്ചരിക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളിൽ കലാമൂല്യം ഒട്ടും നഷ്ടപ്പെട്ടിരുന്നില്ല. തന്റെ സ്വപ്ന സിനിമകൾ ചെയ്യാൻ ബാക്കി നിൽക്കുമ്പോഴായിരുന്നു സച്ചി വിടവാങ്ങിയത്. മികച്ച സംവിധായകന് ഉൾപ്പെടെയുള്ള ദേശീയ പുരസ്കാരം സച്ചിയെ തേടിയെത്തുമ്പോൾ മലയാളം വീണ്ടും അദ്ദേഹത്തെ ഓർക്കുകയാണ്.
ഈ ചിത്രത്തിലെ അയ്യപ്പൻ നായരെ അനശ്വരമാക്കിയാണ് ബിജു മേനോൻ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഉറച്ച നിലപാടുകളുള്ള കഥാപാത്രമാണ് എസ്ഐ അയ്യപ്പൻ നായർ. പേരിലെ നായർ എന്ന വാൽ പോലും ഒരു പ്രതിഷേധമായി കൂടെ ചേർത്തുവച്ച ഉദ്യോഗസ്ഥൻ. മാവോയിസ്റ്റെന്ന് മുദ്ര കുത്തപ്പെട്ട പെണ്ണിനെ തന്നെ വിവാഹം കഴിച്ചാണ് അയാൾ തന്റെ നിലപാട് പ്രഖ്യാപിക്കുന്നത്. മുണ്ടൂർ മാടനെന്ന് വിളിപ്പേരുള്ള അയ്യപ്പൻ നായർ തന്റെ വീര്യമെല്ലാം യൂണിഫോമിൽ ഒളിപ്പിച്ച് ജീവിതം മുന്നോട്ടുപോകുമ്പോഴാണ് കോശി പ്രതിസന്ധികളുമായി ജീവിതത്തിലേക്ക് കടന്നുവരുന്നത്.
ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയ ചിത്രമായിരുന്നു സെന്ന ഹെഡ്ഗെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം. നാട്ടിൻ പുറത്തെ ഒരു വിവാഹവീടിന്റെ പശ്ചാത്തലത്തിൽ അതിസാധാരണ സംഭവങ്ങളിലൂടെ കടന്നു പോയ ചിത്രത്തിൽ ഭൂരിഭാഗം കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് പുതുമുഖങ്ങളായിരുന്നു. മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന ടാഗ് ലൈനിൽ കാഞ്ഞങ്ങാടിന്റെ നാട്ടു പശ്ചാത്തലത്തിൽ ഏറെ റിയലിസ്റ്റിക്കായി ഒരുക്കിയ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത് വ്യത്യസ്തമായ കാഴ്ചാനുഭവം ആയിരുന്നു.
തമാശകളിലൂടെ കഥ പറയുമ്പോഴും ജനാധിപത്യ വിരുദ്ധമായ കുടുംബ ബന്ധങ്ങളെ തുറന്നു കാണിക്കുകയായിരുന്നു പ്രാദേശിക ഭാഷയെ ചേർത്തു പിടിച്ച ഈ ചിത്രം. കുറഞ്ഞ ചെലവിൽ ഒരുക്കിയ ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 

Eng­lish Sum­ma­ry: Ayyap­panum Koshyum on proud: Malay­alam wins nation­al award

You may like this video also

Exit mobile version