ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടെതാണ് ഉത്തരവ്. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചത്. പരാതിയില്‍ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയില്‍ റിപ്പോർട്ടായി നല്‍കിയിരുന്നു.
ഹർജി സെപ്റ്റംബർ 14 ന് പരിഗണിക്കും.അതേസമയം, സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാർഗ് പൊലീസ് കോടതിയിലെടുത്ത നിലപാട്. കേസ് പരിഗണിക്കവേ, എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് റോസ് അവന്യൂ കോടതി, തിലക് മാർഗ് പൊലീസിന് നിർദേശം നൽകിയത്.
അതേസമയം ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി.ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതായിരുന്നു പരാതിക്കാരന്‍റെ ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്.മണി കോടതിയെ സമീപിച്ചത്. കേസെടുക്കാൻ ഡല്‍ഹി പൊലീസിന് നിർദേശം നൽകണമെന്നതായിരുന്നു ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയില്‍ ഇദ്ദേഹം വിശദീകരിച്ചിരുന്നു.
കശ്മീർ സന്ദർശിച്ച ശേഷം ജലീൽ ഇട്ട ഫേസ്ബുക്ക് കുറിപ്പിലെ ‘ഇന്ത്യ അധീന കശ്മീർ, ആസാദ് കാശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.
English Summary:
Azad Kashmir reference; Delhi court order to file a case against KT Jaleel
You may also like this video: