Site iconSite icon Janayugom Online

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: അസദുദ്ദീന്‍ ഉവൈസി

ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് വ്യക്തമാക്കി ഓള്‍ ഇന്ത്യ മജിലിസെ-ഇ-ഇത്തെഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. അഹമ്മാദാബാദിലും സൂറത്തിലും നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് മുതല്‍ എ.ഐഎംഐഎം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായും ഉവൈസി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.ഗുജറാത്തിലെ ഭുജില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പൂര്‍ണ ഊര്‍ജ്ജത്തോടെ മത്സരിക്കും. എത്ര സീറ്റുകളില്‍ മത്സരിക്കുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഗുജറാത്ത് എഐഎംഐഎം മേധാവിയായ സബീര്‍ കബ്‌ലിവാല ഇത് സംബന്ധിച്ച അന്തിമ തീരുമാനമടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ഉവൈസി പറഞ്ഞു.അതേസമയം ഗുജറാത്തില്‍ വിജയപ്രതീക്ഷയിലാണ് ആം ആദ്മിയും. 2021 ഫെബ്രുവരിയില്‍ സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 93 സീറ്റും, ആം ആദ്മിക്ക് 27സീറ്റും ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല.പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് റാഞ്ചിയില്‍ നടന്ന കലാപങ്ങളെയും ഉവൈസി അപലപിച്ചു.

രാജ്യത്ത് എവിടേയും കലാപങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയുണ്ടെങ്കില്‍ അത് നിര്‍ത്തേണ്ടതും സര്‍ക്കാരാണ്.നുപുര്‍ ശര്‍മയ്‌ക്കെതിരെ പൊലീസ് എഫ്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കി നിയമം നോക്കട്ടെ. ഞങ്ങള്‍ക്ക് അവരുടെ ക്ഷമാപണം ആവശ്യമില്ല,’ ഒവൈസി പറഞ്ഞു.നുപുര്‍ ശര്‍മ, പ്രദീപ് ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ വിദ്വേഷ പ്രസ്താവനകളില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കെ ജനങ്ങളോട് സംയമനം പാലിക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.ജൂണ്‍ ആദ്യവാരം ടൈംസ്‌നൗവില്‍ നടത്തിയ ചര്‍ച്ചയിലാണ് നുപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് വിദ്വേഷകരമായ പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ ഇവരെ ബിജെപി പുറത്താക്കിയിരുന്നു. വിദ്വേഷ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

Eng­lish Sum­ma­ry: Azadud­din Owaisi to con­test Gujarat Assem­bly polls

You may also like this video:

Exit mobile version