Site iconSite icon Janayugom Online

അസംഖാന്റെ നിയമസഭാംഗത്വം റദ്ദാക്കി

assamkhanassamkhan

വിദ്വേഷപ്രസംഗം നടത്തിയെന്ന അറസ്റ്റിലായതിനുപിന്നാലെ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവായ അസം ഖാന്റെ നിയമസഭാംഗത്വം റദ്ദാക്കി. അസം ഖാനെ അയോഗ്യനാക്കിയതിനുപിന്നാലെ അദ്ദേഹത്തിന്റെ നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി യുപി വിധാന്‍ സഭ സ്പീക്കര്‍ വ്യക്തമാക്കി. എസ് പി നേതാവ് ജയിച്ച രാംപൂര്‍ മണ്ഡലം പ്രാതിനിധ്യമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്ന് സ്പീക്കര്‍ ഔദ്യോഗികമായി പ്രസ്താവിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ക്കെതിരെ വിദ്വേഷപരമായി പ്രസംഗിച്ചുവെന്ന കേസിലാണ് അസംഖാനെ ശിക്ഷിച്ചത്. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചത്.
എംഎല്‍എക്ക് രണ്ട് വര്‍ഷത്തിലധികം ശിക്ഷ വിധിക്കപ്പെട്ടാല്‍ ആ പ്രതിനിധിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പ്രസ്തുത പ്രസംഗം അസംഖാന്‍ നടത്തിയത്. കേസില്‍ റാംപൂര്‍ കോടതി 6,000 രൂപ പിഴ ശിക്ഷയും 74കാരനായ അസംഖാനുമേല്‍ ചുമത്തിയിട്ടുണ്ട്. ജാമ്യം അനുവദിച്ച കോടതി, വിധിക്കെതിരെ അപ്പീല്‍ പോകാന്‍ അസം ഖാന് ഒരാഴ്ച്ചത്തെ സമയം അനുവദിച്ചിരുന്നു. നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു വിധിയോടുള്ള അസം ഖാന്റെ പ്രതികരണം.
അഖിലേഷ് യാദവിന്റെ വലം കൈയായി അറിയപ്പെടുന്ന അസം ഖാന്‍ സമാജ് വാദി പാര്‍ട്ടിയിലെ രണ്ടാമനാണ്. പശ്ചിമ യുപിയിലെ രാംപൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. ഭൂമി തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷം ശിക്ഷ അനുഭവിച്ച അസം ഖാന്‍ മെയ് മാസത്തിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യത്തില്‍ ജയിലിന് പുറത്തിറങ്ങിയത്. 

Eng­lish Sum­ma­ry: Azam Khan’s mem­ber­ship of the leg­is­la­ture was revoked

You may also like this video also

Exit mobile version