2024ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഹാമര്‍ ത്രോയില്‍ മത്സരിക്കുമ്പോള്‍ എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം ഹൈസ്കൂളിലെ മരിയ അലീസിയ ജസ്റ്റിന് ആറാം സ്ഥാനമായിരുന്നു. മെഡല്‍ പ്രതീക്ഷിച്ചാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കിലും കടുത്ത നിരാശയായിരുന്നു ഫലം. ഒരു വര്‍ഷത്തിനിപ്പുറം ഇത്തവണത്തെ കായിക മേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോഗ്രാം ഹാമര്‍ ത്രോയില്‍ 43.18 എന്ന മികച്ച ദൂരത്തോടെ സ്വര്‍ണം നേടി തലയുയര്‍ത്തി നില്‍ക്കുകയാണ് മരിയ അലീസിയ. സ്കൂള്‍ മീറ്റിലെ മരിയയുടെ ആദ്യ സ്വര്‍ണമാണിത്. ജിജോ ജയിംസാണ് പരിശീലകൻ. ആലപ്പുഴ കലവൂര്‍ കുന്നേല്‍ വീട്ടില്‍ ജസ്റ്റിന്റെയും ഷെര്‍ളിയുടെയും മകളാണ് മരിയ അലീസിയ. ഡ്രൈവറാണ് ജസ്റ്റിൻ. ഷെര്‍ലി മുംബൈയില്‍ നഴ്സാണ്. മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ സി നഷ്‍വ (37.94 മീറ്റര്‍) ഈയിനത്തില്‍ വെള്ളിയും മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ എം ഫാത്തിമ തെസ്‍ലി (37.41) വെങ്കലവും നേടി.
അന്ന് മെഡലില്ലാതെ മടക്കം, ഇന്ന് സ്വര്‍ണത്തിളക്കം

