രാവിലത്തെ സ്പെഷ്യല്‍ ക്ലാസുകളും, കണ്‍സെഷന്‍ കാര്‍ഡ് എടുക്കാന്‍ മറന്നു പോയതിന്റെ സങ്കടവും, സ്വകാര്യ ബസിലെ എസ്‌ടിക്ക് വേണ്ടിയുള്ള വഴക്കുകൂടലുകള്‍ക്കും വീണ്ടും തുടക്കമായി. കണക്കും കാല്‍ക്കുലേറ്ററും, ഇന്‍സ്ട്രുമെന്റ് ബോക്സുമായി സ്കൂളിലെത്തിയ ജൂനിയേഴ്സും സീനിയേഴ്സും പരസ്പരം അകലമിട്ട് പരിചയം പുതുക്കിയ ദിവസം കൂടിയായിരുന്നു ഇന്നലെ.
ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും ഇന്നലെ മുതലാണ് പുനരാരംഭിച്ചത്. ഹൈസ്കൂള്‍ ജീവിതത്തിലെ അവസാന വര്‍ഷത്തിന്റെ ചൂടുമായി പത്താം ക്ലാസിലെ പിള്ളേരും, എന്‍ട്രന്‍സ് ചൂടും പഠിത്തവും ഒക്കെയായി ഹയര്‍സെക്കന്‍ഡറിക്കാരും, ജീവിതത്തിലെ വഴിത്തിരിവിനെ കുറിച്ചാലോചിച്ച് ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും ഇനി തിരക്കിലായിരിക്കും. എങ്കിലും ഓണ്‍ലൈനില്‍ നിന്ന് ഓഫ് ലൈനിലേക്ക് എത്തിയതിന്റെ സന്തോഷം എല്ലാവരിലും ഉണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രാധാന്യം നല്‍കി കൊണ്ടായിരുന്നു സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2020 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് ക്ലാസുകള്‍ രാവിലെ മുതല്‍ വൈകിട്ട് നാലു വരെയാക്കിയതെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് മാനദണ്ഡ പ്രകാരം ബാച്ച് തിരിച്ച് തന്നെയാണ് ക്ലാസുകള്‍ നടക്കുന്നത്.
സ്‌കൂൾതല മാർഗരേഖ പ്രകാരം നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലാസുകൾ നടത്തുന്നതിനുള്ള നിർദേശം സ്‌കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് മോഡല്‍ പരീക്ഷയും ഉടനെ നടത്തും. നവംബറില്‍ സ്കൂളുകള്‍ തുറന്നിരുന്നു എങ്കിലും ഉച്ചവരെയായിരുന്നു ക്ലാസുകള്‍ നടന്നിരുന്നത്. കോവിഡ് കേസുകളുടെ വര്‍ധനയും കുട്ടികളുടെ സുരക്ഷയും കണക്കിലെടുത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍. എന്നാല്‍ കോവിഡ് മൂന്നാം തരംഗം പിടിമുറുക്കിയതോടെ ജനുവരി 21 ന് വീണ്ടും സ്കൂളുകള്‍ അടയ്ക്കേണ്ടി വന്നു.
പല സ്കൂളുകളും കോവിഡ് ക്ലസ്റ്ററുകളാകാന്‍ തുടങ്ങിയതോടെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് സ്കൂള്‍ കാലം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ എന്നിവര്‍ക്ക് മുന്‍പ് പുറപ്പെടുവിച്ച മാർഗനിർദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓൺലൈനായി ക്ലാസുകള്‍ ഉണ്ടാകും. ഈ മാസം 14 മുതലാണ് ഇവര്‍ക്ക് ക്ലാസുകള്‍ നടക്കുക.
English Summary:Back to offline; Schools Opens
You may also like this video