Site iconSite icon Janayugom Online

ഡെമോക്രാറ്റിന് തിരിച്ചടി; 747 കോടിയുടെ സംഭാവന നഷ്ടമായി

ജോ ബെെഡന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നടന്ന നാറ്റോ ഉച്ചകോടിക്കിടെ വീണ്ടും നാക്കുപിഴ സംഭവിച്ചതോടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ബെെഡന്‍ പിന്മാറണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന വരുമാന സ്രോതസുകളും സംഭാവന നല്‍കാന്‍ വിമുഖത കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്ക് ലഭിക്കേണ്ട ഏകദേശം 747 കോടിയുടെ സംഭാവനകള്‍ ലഭിക്കില്ലെന്ന് ഉറപ്പായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് ഡെ­മോക്രാറ്റിക് പാര്‍ട്ടി നേതാവും സിനിമാ താരവുമായ ജോര്‍ജ് ക്ലൂണിയായിരുന്നു. പ്രമുഖ വ്യവസായി കൂടിയായ അദ്ദേഹം ഡെമോക്രാറ്റുകളുടെ പ്ര­ധാന സം­ഭാവനാ സ്രോതസാണ്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ എയ‍്‍ലെറ്റ് വാള്‍ഡ്‍മാന്‍ ബൈഡനോടുള്ള വിയോജിപ്പിന്റെ പേ­രില്‍ ഡെ­മോക്രാറ്റിക് പാര്‍ട്ടിക്കു സംഭാവന നല്‍കുന്നത് അവസാനിപ്പിച്ചതായി അറിയിച്ചു. പ്രതിഷേധമെന്ന നിലയിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വാള്‍ഡ്‍മാന്‍ പറയുന്നു. ബൈ­ഡന്‍ പിന്മാറ്റം പ്രഖ്യാപിക്കുന്നതുവരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സംഭാവന നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് തിരക്കഥാകൃത്ത് ഡാമെന്‍ ലിന്‍ഡലോഫും മുന്നറിയിപ്പ് നല്‍കിയിരുന്നു.

റോബ് റെയ്നര്‍, അബിഗേല്‍ ഡിസ്നി, ജോണ്‍ കുസാക്ക്, സ്റ്റീഫന്‍ കിങ് തുടങ്ങിയവരും വിഷയത്തില്‍ സമാന നിലപാടാണ് സ്വീകരിച്ചത്. ഹോളിവുഡ് താരങ്ങളുടെ അഭിപ്രായം ലക്ഷക്കണക്കിന് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതിനാല്‍ ഈ നിലപാടുകളെ തള്ളിക്കളയാന്‍ പാര്‍ട്ടിക്കാവില്ല. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന ബെെഡന്റെ നിലപാട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ നേതാക്കള്‍ക്കുള്ള ആശങ്ക ഡെമോക്രാറ്റും ന്യൂനപക്ഷ നേതാവുമായ ഹക്കീം ജെഫ്രീസ് ബൈഡനെ ബോധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ടെസ‍്‍ല സിഇഒ ഇലോണ്‍ മസ്ക് വന്‍ തുക സംഭാവന നല്‍കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എത്ര തുകയാണ് നൽകിയതെന്ന് വ്യക്തമല്ല. ട്രംപിന് ലഭിച്ച സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങൾ നാളെ പൂർണമായും പുറത്തുവിടും.
കഴിഞ്ഞ മാർച്ചിൽ മസ്കുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്‍ലയുടെ ഇലക്ട്രിക് പിക്കപ്പ് ട്രക്കുകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതായും ട്രംപ് സൈബർട്രക്കുകളുടെ വലിയ ആരാധകനാണെന്നും ഇലോണ്‍ മസ്ക് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Back­lash for Democ­rats; 747 crores of con­tri­bu­tion lost
You may also like this video

Exit mobile version