അണ്ണാ ഡിഎംകെയിലെ അധികാര തർക്കത്തിൽ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസാമിക്ക് തിരിച്ചടി. മുൻമുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ കോർഡിനേറ്ററമായിരുന്ന ഒ പനീർസെൽവത്തെ പുറത്താക്കിയ ഡിഎംകെ ജനറൽ കൌണ്സിൽ തീരുമാനം നിയമവിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇപിഎസിനെ ജനറൽ സെക്രട്ടറിയായി അവരോധിച്ചതടക്കം ജൂലൈ 11ന് വാനഗരത്ത് ചേർന്ന ജനറൽ കൗൺസിലിൽ എടുത്ത എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കിയിട്ടുണ്ട്
മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഡി.ജയചന്ദ്രൻ്റേതാണ് വിധി. ജനറൽ കൌണ്സിലിൻ്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി ജൂണ് 23‑ന് മുൻപുള്ള നില പാർട്ടിയിൽ തുടരണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇതോടെ ഒ പനീർ സെൽവം പാർട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാർട്ടിയുടെ സഹ കോർഡിനേറ്ററായും തുടരും. ഹൈക്കോടതി വിധിയനുസരിച്ച് ഇനി ജനറൽ കൗൺസിൽ വിളിക്കണമെങ്കിൽ 30 ദിവസം മുമ്പ് നോട്ടീസ് നൽകണം. ഇപിഎസിനും ഒപിഎസിനും ഒരുമിച്ചേ ജനറൽ കൗൺസിൽ വിളിക്കാനാകൂ.
പാർട്ടി ബൈലോ പ്രകാരം വർഷത്തിൽ ഒരു ജനറൽ കൗൺസിലേ വിളിക്കാനാകൂ. വിവിധ ജില്ലാ ഘടകങ്ങളും സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാക്കളും എടപ്പാടിക്കൊപ്പമാണെങ്കിലും കോടതി വിധിയോടെ പാർട്ടിയെ തൻ്റെ നിയന്ത്രണത്തിൽ കൊണ്ടു വരാൻ എടപ്പാടിക്ക് ഇനി പുതിയ വഴികൾ തേടേണ്ടി വരും. മാനഗരത്തിലെ എഐഡിഎംകെ ജനറൽ കൌണ്സിലിനോട് അനുബന്ധിച്ച് വലിയ സംഘർഷമായിരുന്നു ചെന്നൈയിലും തമിഴ്നാട്ടിലെ മറ്റു ഭാഗങ്ങളിലും എടപ്പാടി — ഒപിഎസ് അനുകൂലികൾക്ക് ഇടയിൽ ഉണ്ടായത്.
സംഘർഷം പതിവായതോടെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനം പൊലീസ് ഇടപെട്ട് അടച്ചുപൂട്ടി. പലയിടത്തും പാർട്ടി ഓഫീസുകൾ പിടിച്ചെടുക്കാൻ ശ്രമമുണ്ടായി. പാർട്ടിയിൽ അപ്രസക്തനായ ഒപിഎസ് ശശികലയ്ക്കും ടിടിവി ദിനകരനുമൊപ്പം ചേരുമെന്ന നിലയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഹൈക്കോടതി വിധിയോടെ കാര്യങ്ങൾ ഒപിഎസിന് അനുകൂലമായി വന്നിരിക്കുകയാണ്.
English Summary: Backlash for Edappadi: Madras High Court quashed Paneelselvam’s expulsion
You may also like this video: