Site icon Janayugom Online

കിഴക്കന്‍ ലഡാക്കില്‍ തിരിച്ചടി: 25 പട്രോളിങ് പോയിന്റുകള്‍ കൈവിട്ടു

ഇന്ത്യ‑ചൈന തര്‍ക്ക മേഖലയായ കിഴക്കന്‍ ലഡാക്കിലെ 65 പട്രോളിങ് പോയിന്റുകളില്‍ 25 എണ്ണത്തില്‍ പരിശോധന നടത്താന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന പൊലീസ് വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്. 

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശവാസികളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും സഞ്ചാരം തടയുന്നതിനായി നേരത്തെ പ്രവേശനമുണ്ടായിരുന്ന പല തര്‍ക്ക മേഖലകളും അനൗപചാരിക ബഫര്‍സോണുകളായി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന നിലവാരമുള്ള കാമറകളും വേഷം മാറിയുള്ള നിരീക്ഷണവും സമീപ പ്രദേശങ്ങളില്‍ ശക്തമാക്കിയിട്ടുണ്ട്. പട്രോളിങ് പോയിന്റ് 15ലും 16ലുമുണ്ടായ സംഘര്‍ഷങ്ങള്‍ ഗോഗ്ര മലനിരകള്‍, പാംഗോങ് തടാകത്തിന്റെ വടക്കന്‍ മേഖല, കക്ജുങ് പ്രദേശം തുടങ്ങിയ സ്ഥിരം പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ഈമാസം 20 മുതല്‍ 22 വരെ ഇന്റലിജന്‍സ് ബ്യൂറോ സംഘടിപ്പിച്ച ഡിജിപിമാരുടെ വാര്‍ഷികയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജ്യമെമ്പാടുമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യസുരക്ഷ സംബന്ധിച്ച 15 ഗവേഷണ റിപ്പോര്‍ട്ടുകളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. കിഴക്കന്‍ ലഡാക്കിലെ 30 പട്രോളിങ് പോയന്റുകളില്‍ ഇന്ത്യന്‍സേനയ്ക്ക് പരിശോധന നടത്താന്‍ കഴിയുന്നില്ലെന്ന് ‍ഡിസംബര്‍ 22ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020ലെ ചൈനീസ് ആക്രമണത്തിന് മുമ്പ് ഇന്ത്യന്‍ സേന സ്ഥിരം പട്രോളിങ് നടത്തിയിരുന്ന മേഖലകളാണ് ഇപ്പോള്‍ കൈവിട്ടിരിക്കുന്നത്. 

Eng­lish Sum­ma­ry: Back­lash in East Ladakh: 25 patrol points abandoned

You may also like this video

Exit mobile version