Site iconSite icon Janayugom Online

പെഗാസസിന് തിരിച്ചടി: രേഖകള്‍ വാട്ട്സ് അപ്പിന് നല്‍കണമെന്ന് യുഎസ് കോടതി

ഇസ്രയേലി ചാര സോഫ്റ്റ്‌വേര്‍ കമ്പനിയായ പെഗാസസ് വിവരങ്ങള്‍ വാട്ട്സ് അപ്പ് കമ്പനിക്ക് കൈമാറണമെന്ന് അമേരിക്കന്‍ ഫെ‍ഡറല്‍ കോടതി. 2019ല്‍ വാട്ട്സ് അപ്പിന്റെ 1,400 ഉപകരണങ്ങളില്‍ ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് ഫെഡറല്‍ കോടതി ഇസ്രയേലി കമ്പനിയോട് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത്. വാട്ട്സ് അപ്പ് കമ്പനിയില്‍ പെഗാസസ് നടത്തിയ ചാരവൃത്തി സംബന്ധിച്ച എല്ലാ വിവരങ്ങളും കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കണം.

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയുടെ പെഗാസസ്, മറ്റുള്ള ചാര സോഫ്റ്റ്‌വേറുകളുടെ വിവരങ്ങളും സമര്‍പ്പിക്കണമെന്ന പ്രധാന ഉത്തരവാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍, പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വാട്ട്സ് അപ്പിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ഏപ്രില്‍ മുതല്‍ 2020 മേയ് വരെയുള്ള മുഴുവന്‍ രേഖകളും പെഗാസസ് സമര്‍പ്പിക്കണം. എന്നാല്‍ ആരുടെയൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് വിശദമാക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. 

കോടതിവിധി നാഴികക്കല്ലാണെന്നും തങ്ങളുടെ ഉപഭോക്താക്കളുടെ വിവരം രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശം അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും വാട്ട്സ് അപ്പ് പ്രതിനിധി പ്രതികരിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് പെഗാസസ് ചോര്‍ത്തിയത്. ഇത്തരം അധമ പ്രവൃത്തി ചെയ്യുന്നവരെ നിയമം വെറുതെ വിടില്ല എന്നതിന്റെ ഉദാഹരണമാണ് കോടതി വിധിയെന്നും പ്രതിനിധി പറഞ്ഞു. എന്നാല്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം നീരിക്ഷിക്കുന്നതിന് വേണ്ടിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പെഗാസസ് പ്രതികരണം നടത്തിയിരിക്കുന്നത്. 

2021ല്‍ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലും പ്രതിപക്ഷ, മാധ്യമ, സന്നദ്ധ പ്രവര്‍ക്കരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നോ ഇല്ലന്നോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പെഗാസസ് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് രാഷ്ട്രീയ ഏതിരാളികളുടെ വിവരം ചോര്‍ത്തിയെന്ന വിഷയം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ആനെസ്റ്റി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ പെഗാസസ് നടത്തിയ വിവരം ചോര്‍ത്തല്‍ സ്ഥിരീകരിച്ചിരുന്നു. 

Eng­lish Summary:Backlash to Pega­sus: US court orders doc­u­ments to be pro­vid­ed to WhatsApp

You may also like this video

Exit mobile version