കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ രാജ്യത്തെ ഐഐടി, ഐഐഎം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് പട്ടികജാതി (എസ്‌സി), പട്ടിക വര്‍ഗ(എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ(ഒബിസി) 13,626 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചതായി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി സുഭാസ് സര്‍ക്കാര്‍ സഭയെ അറിയിച്ചതാണ് ഇക്കാര്യം.
പഠനം ഉപേക്ഷിക്കപ്പെട്ടവരില്‍ 4,596 പേര്‍ ഒബിസി, 2,424 പേര്‍ എസ്‌സി, 2,622 പേര്‍ എസ്‌ടി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 2,066 ഒബിസി, 408എസ്‌ടി, 1,068 എസ്‌സി വിദ്യാര്‍ത്ഥികളാണ് ഐഐടികളില്‍ നിന്നും പഠനം ഉപേക്ഷിച്ചത്. ഐഐഎമ്മുകളില്‍ നിന്ന് 163 ഒബിസി, 188 എസ്‌സി, 91 എസ്‌ടി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നതായും അതുകൊണ്ടുതന്നെ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വിദ്യാര്‍ത്ഥികള്‍ മാറിക്കൊണ്ടിരിക്കുന്നതാണ് ഉയര്‍ന്ന തോതില്‍ പഠനം ഉപേക്ഷിക്കുന്നതിന് കാരണമെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. മറ്റ് സ്ഥാപനങ്ങളിലോ ഡിപ്പാര്‍ട്ട്മെന്റുകളിലോ സീറ്റ് ലഭിക്കുകയോ സ്വകാര്യ കാരണങ്ങളാലോ ആണ് പഠനം ഉപേക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എസ്‌സി/എസ്‌ടി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റുഡന്റ്സ് സെല്ലുകള്‍, തുല്യ അവസരം ലഭ്യമാക്കുന്നതിനുള്ള സെല്ലുകള്‍, വിദ്യാര്‍ത്ഥി പ്രശ്നപരിഹാര സെല്ലുകള്‍, വിദ്യാര്‍ത്ഥി സാമൂഹിക ക്ലബ്ബുകള്‍ എന്നിവ രൂപീകരിച്ചതായും ലെയ്സണ്‍ ഓഫിസറെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫീസില്‍ ഇളവ് നല്‍കുന്നതായും കൂടുതല്‍ സ്ഥാപനങ്ങള്‍ രൂപീകരിക്കുകയും ദേശീയതല സ്കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നതായും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ഐഐടി, ഐഐഎം കാമ്പസുകളില്‍ 33ലേറെ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. 2014നും 2021നുമിടയില്‍ 122 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 24 പേര്‍ എസ്‌സി, മൂന്ന് എസ്‌ടി, 41 ഒബിസി വിദ്യാര്‍ത്ഥികളാണ് എന്നും മന്ത്രാലയം അറിയിച്ചിരുന്നു.
English Summary:Backward class students drop out in higher education
You may also like this video