കായൽ ടൂറിസം രംഗത്ത് അപകടമരണങ്ങൾ ഉയരുന്നു. മൺസൂൺ ടൂറിസം സജീവമായതോടെ കടുത്ത ജാഗ്രതയിലാണ് വിനോദസഞ്ചാര മേഖല.
ഹൗസ്ബോട്ട് മറിഞ്ഞും തീപിടിച്ചുമുള്ള അപകടങ്ങൾ കഴിഞ്ഞാൽ കൂടുതലുണ്ടാകുന്നത് കായലിൽ വീണ് സംഭവിക്കുന്ന മുങ്ങിമരണങ്ങളാണ്. ഓരോ വർഷവും ചുരുങ്ങിയത് അഞ്ച് മുതൽ 10 പേരെങ്കിലും മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സുചിപ്പിക്കുന്നത്. അപകടങ്ങൾ തുടർക്കഥയായിട്ടും വേണ്ടത്ര സുരക്ഷയൊരുക്കാൻ ഹൗസ്ബോട്ടുകൾ അടക്കമുള്ള യാനങ്ങൾ തയാറാകുന്നില്ലെന്നാണ് ടൂറിസം വകുപ്പ് അധികൃതർ പറയുന്നത്.
വള്ളംകളി സീസണായതോടെ ജില്ലയിലെ ടൂറിസം രംഗം സജീവമായി കഴിഞ്ഞു. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ടൂറിസം വകുപ്പും പൊലീസും ബോട്ടുകളിൽ പരിശോധന നടത്തിവരുകയാണ്. വിനോദസഞ്ചാരികൾക്ക് വേണ്ടത്ര ജാഗ്രത നിർദേശങ്ങളും നൽകിയിട്ടുണ്ട്. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളിൽ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. ലൈഫ് ബോയ അടക്കമുള്ള സംവിധാനം ഇല്ലാത്ത യാനങ്ങൾക്ക് കനത്ത പിഴയാണ് നൽകുന്നത്. 1500 ഓളം യാനങ്ങളാണ് മേഖലയിൽ സർവീസ് നടത്തുന്നത്.
കഴിഞ്ഞയാഴ്ച ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് കോയമ്പത്തൂർ സ്വദേശി മരണപ്പെട്ടിരുന്നു. പന്തളം സ്വദേശിയായ ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ അബ്ദുൽ മനാഫ്, കൈനകരി സ്വദേശി ബി പി പ്രസന്നൻ, കട്ടപ്പന സ്വദേശി ജോമോൻ ജോസഫ്, തിരുവനന്തപുരം ചെറുന്നിയൂർ സ്വദേശി പ്രദീപ് പി നായർ എന്നിവരും കുറച്ചുനാൾ മുമ്പ് ഹൗസ് ബോട്ടുകളിൽനിന്ന് വീണ് മരിച്ചവരാണ്. കായൽ സാഹചര്യങ്ങളിലെ അപകടങ്ങളെക്കുറിച്ച് അവബോധമില്ലാത്ത ഇതരജില്ലകളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളാണ് ഹൗസ്ബോട്ട് അപകടങ്ങളിൽ പ്രധാനമായും ഇരയാകുന്നത്. ഹൗസ്ബോട്ട് ജീവനക്കാരും അപകടത്തിൽപ്പെടുന്നതും പതിവാണ്.
english summary; Backwater tourism: Inspections on houseboats strengthened
you may also like this video;

