ഖത്തറിലെ ദോഹ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട യാത്രക്കാര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത് 22 മണിക്കൂറിന് ശേഷം. കാലാവസ്ഥ മോശമായതോടെയാണ് നാല് മണിക്കൂര്‍ കൊണ്ട് എത്തേണ്ട യാത്രക്കാര്‍ 22 മണിക്കൂര്‍ കൊണ്ട് എത്തിയത്. കണ്ണൂരും മംഗളൂരുവും കൊച്ചിയും കറങ്ങിയാണ് യാത്രക്കാര്‍ ഒടുവില്‍ കരിപ്പൂരിലെത്തിയത്. മംഗളൂരുവില്‍ വെച്ച് രാത്രി ഉറങ്ങിയത് നിര്‍ത്തിയിട്ട വിമാനത്തിലാണെന്നും യാത്രക്കാര്‍ പറയുന്നു.
ദോഹയില്‍ നിന്ന് ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രക്കാര്‍ കയറിയത്. രാത്രി 7.25ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തേണ്ടതായിരുന്നു. കാലാവസ്ഥ മോശമായതോടെയാണ് വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിട്ടത്. എന്നാല്‍ അവിടെയും ഇറക്കാനായില്ല. തുടര്‍ന്ന് മംഗളൂരുവിലേക്ക് പറന്നു. രാത്രി ഒമ്പതരയോടെ മംഗളൂരുവില്‍ ഇറക്കിയെങ്കിലും വിമാനത്തില്‍ യാത്രക്കാര്‍ കാത്തിരുന്നു. 11 മണിയോടെ വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശം ലഭിച്ചെങ്കിലും യാത്രക്കാര്‍ ഇറങ്ങിയില്ല. തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തങ്ങി. പുലര്‍ച്ചെ മൂന്നരയോടെയാണ് തങ്ങള്‍ക്ക് ഭക്ഷണം ലഭിച്ചതെന്നും എസി ഓഫ് ചെയ്ത വിമാനത്തിലിരുന്നാണ് നേരം വെളുപ്പിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു.
വിമാനം രാവിലെ ഏഴിന് പുറപ്പെടാമെന്ന് നിര്‍ദേശം ലഭിച്ചെങ്കിലും ഒമ്പത് മണിയോടെയാണ് പുറപ്പെട്ടത്. ഇന്നലെ രാവിലെ 9.58ന് കരിപ്പൂരില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കരിപ്പൂരിന്റെ ആകാശപരിധിയിലെത്തിയ വിമാനത്തിന് മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് കൊച്ചിയിലേക്കു തിരിച്ചുവിടുകയായിരുന്നു. അവിടെ നിന്ന് റോഡ് മാര്‍ഗം നാട്ടിലേക്ക് മടങ്ങാമെന്ന് കരുതിയെങ്കിലും കൊച്ചിയില്‍ ഇറങ്ങാന്‍ യാത്രക്കാര്‍ക്ക് അനുമതി ലഭിച്ചില്ല. എമിഗ്രേഷന്‍ നടപടി സാധ്യമല്ലാത്തതാണു കാരണമായി പറഞ്ഞത്. അതേസമയം വിമാനത്തില്‍ തുടര്‍ന്ന രണ്ട് പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary:bad weather; Doha – Kozhikode journey 22 hours
You may also like this video