Site iconSite icon Janayugom Online

ബദ്‌ലാപൂര്‍ പീ ഡനം; സ്‌കൂളിനെതിരെ കേസെടുത്തു

താനെയിലെ സ്വകാര്യ സ്‌കൂളിൽ നാല് വയസുള്ള രണ്ട് നഴ്‌സറി വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സ്‌കൂളിനെതിരെ കേസെടുത്തു. മഹാരാഷ്ട്ര സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) ഇന്നലെ സ്കൂളിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിട്ടും, പൊലീസില്‍ പരാതിപ്പെടണമെന്ന പോക്‌സോ നിയമം പാലിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് കേസ്. സ്‌കൂളിനെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് ബോംബെ ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാന സർക്കാരിനോട് ചോദ്യം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി. സ്‌കൂൾ അധികൃതർ സംഭവം റിപ്പോർട്ട് ചെയ്യാത്തതായി കണ്ടെത്തിയെന്നും ജസ്റ്റിസ് രേവതി മൊഹിതിയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 

ഓഗസ്റ്റ് 12, 13 ദിവസങ്ങളിൽ സ്കൂളിലെ സ്വീപ്പറിൽ നിന്നാണ് പെൺകുട്ടികൾക്ക് അതിക്രമം നേരിടേണ്ടി വന്നത്. കുട്ടികളിൽ ഒരാൾ മാതാപിതാക്കളെ വിവരമറിയിക്കുകയും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കുട്ടിയുടെ പിതാവ് സംഭവം അധ്യാപകരെ അറിയിച്ചതായി എഫ്ഐആറിൽ പറയുന്നു.

അതേസമയം ബദ്‌ലാപൂര്‍ സ്കൂളിന് ബിജെപി-ആര്‍എസ്എസ് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആസ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. അതിനിടെ മഹാവികാസ് അഘാഡി സഖ്യം സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ബന്ദിന് ഹൈക്കോടതി അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഹര്‍ത്താല്‍ ആഹ്വാനം പിന്‍വലിച്ചതായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയും എന്‍സിപി നേതാവ് ശരദ് പവാറും അറിയിച്ചു. 

Exit mobile version