മൈസൂര്‍-ദര്‍ഭംഗ ബാഗ്മതി എക്‌സ്പ്രസ് ലൂപ്പ് ലൈനില്‍ നിര്‍ത്തിയിട്ട ചരക്കുതീവണ്ടിയില്‍ ഇടിക്കും മുന്‍പ് പാളം തെറ്റിയിരുന്നെന്ന് റെയില്‍വേ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട്. കവരപ്പേട്ട റെയില്‍വേ സ്റ്റേഷനിലൂടെ തീവണ്ടി പോകുമ്പോള്‍ ലൂപ്പ് ലൈനിലേക്കുള്ള പാളത്തിന്റെ ഇന്റര്‍ലോക്കിലെ നട്ടും ബോള്‍ട്ടും ഊരിമാറ്റിയ നിലയിലായിരുന്നു. അവിടെയെത്തിയപ്പോള്‍ തീവണ്ടി മെയിന്‍ ലൈനിലൂടെ കടന്നു പോകുന്നതിനിടെ പാളംതെറ്റി ലൂപ്പ് ലൈനില്‍ നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയിലിടിച്ചതാണെന്ന് റെയില്‍വേയുടെ അഞ്ചംഗ ഉന്നതതല സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവദിവസം ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. പാളം തെറ്റിയയുടന്‍ ലോക്കോ പൈലറ്റ് ബ്രേക്കിട്ടതിനാല്‍ വണ്ടിയുടെ വേഗം 36 കിലോമീറ്ററായി കുറഞ്ഞെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
മെയിന്‍ ലൈനിലൂടെ പോകേണ്ടിയിരുന്ന തീവണ്ടി ലൂപ്പ് ലൈനിലേക്ക് പോയി നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയിലിടിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇതേ പാളത്തിലൂടെ ഏഴ് മിനിറ്റ് മുന്‍പ് ലോക്കല്‍ തീവണ്ടി പോയിരുന്നു. അതിനുശേഷം പാളത്തിലെ നട്ടും ബോള്‍ട്ടും ആരാണ് ഊരിയെടുത്തതെന്ന കാര്യം റെയില്‍വേ ഉന്നതതല സമിതിയും റെയില്‍വേ പൊലീസും അന്വേഷിക്കുകയാണ്.