മുന്നൂറോളം പേരുടെ ജീവന്‍ അപഹരിച്ച ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബാലാസോറിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചിട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ, സ്റ്റേഷൻ സീൽ ചെയ്തതിനാൽ അവിടെ ഒരു ട്രെയിനും നിർത്തില്ലെന്ന് റെയിൽവേ അറിയിച്ചു. സ്റ്റേഷൻ സീൽ ചെയ്ത സിബിഐ, ലോഗ് ബുക്കും റിലേ പാനലും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തതായും സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ആദിത്യ കുമാർ ചൗധരി പറഞ്ഞു.
“സിഗ്നലിങ് സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനം നിരോധിക്കുന്ന റിലേ ഇന്റർലോക്കിങ് പാനൽ സീൽ ചെയ്തിട്ടുണ്ട്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രാ, ചരക്ക് തീവണ്ടികളൊന്നും ബഹനാഗ ബസാറിൽ നിർത്തില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈനുകൾ പുനഃസ്ഥാപിച്ചതിന് ശേഷം കുറഞ്ഞത് ഏഴ് ട്രെയിനുകളെങ്കിലും സ്റ്റേഷനിൽ നിർത്തിയിരുന്നു. ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലൂടെ പ്രതിദിനം 170 ട്രെയിനുകൾ കടന്നുപോകുന്നുണ്ടെങ്കിലും ഏതാനും പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് സ്റ്റേഷനിൽ നിര്‍ത്താറുള്ളത്.
അപകടത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തതിന് പിന്നാലെ ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ട്രെയിൻ ദുരന്തത്തിന്റെ മൂലകാരണം ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിലെ മാറ്റമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ അട്ടിമറിയും കൃത്രിമത്വവും ഉണ്ടായേക്കാമെന്നും റെയിൽവേ ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു.
English Summary: CBI seals Bahanaga Bazar railway station to probe Odisha accident
You may also like this video