രാജിവയ്ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാരോപിച്ച് എജ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പ് ജീവനക്കാരി രംഗത്ത്. രാജിവച്ചില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ശമ്പളം തടഞ്ഞുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അക്കാദമിക് സ്‌പെഷ്യലിസ്റ്റായ ആകാൻഷ ഖേംക ലിങ്ക്ഡ്ഇനില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
കുടുംബത്തില്‍ ഏകവരുമാനമാര്‍ഗം താനാണെന്നും ശമ്പളക്കുടിശിക കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് തനിക്ക് പിന്തുണ വേണം. ഈ നിര്‍ണായക സമയത്ത് തനിക്ക് സഹായം ആവശ്യമുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആകാന്‍ഷക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്.
ബൈജൂസ് ഓഫിസില്‍ നിന്നുള്ള മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. തനിക്ക് നല്‍കാനുള്ള ആനൂകൂല്യം ചോദിച്ച് ഒരു ജീവനക്കാരി മുതിര്‍ന്ന ഉദ്യോഗസ്ഥനോട് തര്‍ക്കിക്കുന്നതാണ് വീഡിയോയിലുള്ളത്. ബൈജൂസില്‍ മോശമായ തൊഴില്‍ സംസ്കാരമാണ് നിലനില്‍ക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
English Summary: Baijus employee says she was under pressure to resign; He also complained of threats
You may also like this video