Site iconSite icon Janayugom Online

ബേക്കലിന് ഇനി ഉത്സവ രാവുകള്‍ ; അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം

കേരള വിനോദസഞ്ചാരത്തിന്റെ നാഴികക്കല്ലാകാന്‍ ബേക്കല്‍ ബീച്ച് ഒരുങ്ങി. വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയായ കാസര്‍കോടിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവെലിന് നാളെ മുതല്‍ തുടക്കമാകും. സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവെലാണിത്. നാളെ മുതല്‍ ജനുവരി രണ്ടു വരെയാണ് ആഘോഷ പരിപാടികള്‍ നടക്കുക. നിരവധി സംസ്കാര സമന്വയങ്ങളുടെ വിളനിലമായ സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ തനത് പൈതൃകത്തെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ബീച്ച് ഫെസ്റ്റിന്റെ ലക്ഷ്യം. കാസര്‍കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുടുംബശ്രീ, അസ്മി ഹോളിഡേയ്സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ (ബിആര്‍ഡിസി) ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

പത്ത് ദിവസങ്ങളിലായി വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷത്തോളം പേരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ഗ്രാന്റ് കാര്‍ണിവല്‍, വാട്ടര്‍സ്‌പോര്‍ട്ട്, ഹെലികോപ്റ്റര്‍ റൈഡ്, ഫ്ലവർ ഷോ, റോബോട്ടിക്ക് ഷോ, കള്‍ച്ചറല്‍ ഷോ, സാന്‍ഡ് ആര്‍ട്ട്, കൈറ്റ് ഫെസ്റ്റ്, ബ്രൈഡൽ ഫാഷൻ മത്സരം, ബ്യൂട്ടി ക്യൂട്ടി-കിഡ്‌സ് ഫാഷൻ ഷോ, നാഷണൽ ബിസിനസ് ട്രേഡ് എക്‌സ്‌പോ, ബി2സി ഫ്ലീ മാർക്കറ്റ്, എഡ്യൂ എക്‌സ്‌പോ തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന മായിക കാഴ്ചകളാണ് ഇവിടെ ഒരുക്കുന്നത്. ഓട്ടോമൊബൈൽ എക്സ്പോ, അക്വാ ഷോ തുടങ്ങിയവയും ഉൾപ്പെടുന്നു.

ബേക്കലിന്റെ കടൽത്തീരമുൾപ്പെടെ 50 ഏക്കറിലാണ് ഫെസ്റ്റ് നടത്തുക. 25 ഏക്കർ സ്ഥലം പാർക്കിങ്ങിനായും ഒരുക്കിയിട്ടുണ്ട്. ഫുഡ് ഫെസ്റ്റാണ് മറ്റൊരു ആകര്‍ഷണം. നൂറാന്‍ സിസ്റ്റേഴ്സ്, സിത്താര, ശബ്നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുടെ കലാ പ്രകടനങ്ങളും നടക്കും. കാസര്‍കോടിന്റെ തനത് കലാരൂപങ്ങളും രൂചി വൈവിധ്യവും അനുഭവവേദ്യമാക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘യാത്രാശ്രീ’ എന്ന പ്രത്യേക പാക്കേജും തയാറാക്കിയിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പ്രധാനമായും ഫെസ്റ്റിവല്‍ ടിക്കറ്റ് വില്പനനടത്തുന്നത്. രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതുവരെ വിറ്റഴിച്ചു.

Exit mobile version