നെന്മണിയിൽ തീർത്ത പാത്രവും അപൂർവ ഇടങ്ങഴിയുമായി ഡോ. ബാലകൃഷ്ണപിള്ള. എഴുപത് വർഷത്തിലധികം പഴക്കമുള്ള നെന്മണിയിൽ തീർത്ത പാത്രവും പഴയ കാലത്ത് എണ്ണയും മറ്റും അളന്നെടുക്കാൻ ഉപയോഗിച്ചിരുന്ന ചിരട്ട കൊണ്ട് ഉണ്ടാക്കിയ ഇടങ്ങഴി പാത്രവും ഇന്നും ഒരു നിധി പോലെ കാത്ത് സൂക്ഷിക്കുകയാണ് മാന്നാർ കുരട്ടിക്കാട് ചൈതന്യയിൽ ഡോ. കെ ബാലകൃഷ്ണപിള്ള പന്തപ്ലാവിൽ. അപൂർവ്വ വസ്തുവായി ഈ എൺപത്തിയേഴുകാരന്റെ സൂക്ഷിപ്പ് ശേഖരത്തിലുണ്ട്.
നെന്മണികൾ ഭംഗിയായി അടുക്കിവെച്ച് വൃത്താകൃതിയിൽ അതി സൂക്ഷമമായിട്ടാണ് നെന്മണി പാത്രത്തിന്റെ നിർമ്മിതി. മനോഹരമായി ചെത്തി മിനുക്കിയ ചിരട്ടയിൽ തടി കൊണ്ട് നിർമ്മിച്ച പിടി കൂടി ചേർത്ത് വെച്ച ഇടങ്ങഴി പാത്രവും ആരിലും കൗതുകമുണർത്തും. ഭാര്യാ പിതാവായ കർഷകനും അറിയപ്പെടുന്ന കമ്യുണിസ്റ്റുമായിരുന്ന മുതുകുളം കാരിയാഞ്ചിൽ മാധവൻപിള്ളയുടെ പൂർവിക ശേഖരത്തിൽ നിന്നും തനിക്ക് ലഭിച്ചവയാണ് എഴുപത് വർഷത്തിന് മുകളിൽ പഴക്കമുള്ള പുരാതന നെന്മണി പാത്രവും ഇടങ്ങഴി പാത്രവും എന്ന് ഡോ. ബാലകൃഷ്ണപിള്ള പറയുന്നു. തിരുവനന്തപുരത്ത് അക്കൗണ്ട് ജനറൽ ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായി സേവനം അനുഷ്ഠിച്ച് വിരമിച്ച ആളാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടിയിട്ടുള്ള ഡോ. ബാലകൃഷ്ണപിള്ള.
ഇംഗ്ലീഷിലും മലയാളത്തിലുമായി ധാരാളം ലേഖനങ്ങൾ പ്രസിദ്ധികരിച്ചിട്ടുള്ള ചരിത്രകാരനും ഗ്രന്ഥകാരനുമായ ഇദ്ദേഹം പതിനഞ്ചോളം കൃതികൾ രചിച്ചിട്ടുണ്ട്. മാന്നാർ ശ്രീ ഭുവനേശ്വരി ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ ലക്ഷ്മിയമ്മയാണ് ഭാര്യ. മാനന്തവാടി ജോയിന്റ് ആർടിഒ ബിനോദ് കൃഷ്ണൻ, എൻആർപിഎം ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ദേബിക നയന എന്നിവർ മക്കളാണ്. ഫിസിയോ തെറാപ്പിസ്റ്റ് ധന്യ, കായംകുളം എംഎസ്എം കോളേജ് മുൻ ഫിസിക്സ് മേധാവി ഡോ. ജയകുമാർ എന്നിവർ മരുമക്കളുമാണ്.