Site iconSite icon Janayugom Online

ഉക്രെയ്നെതിരായ ബാലിസ്റ്റിക് മിസെെല്‍ ആക്രമണം; പാശ്ചാത്യ സഖ്യകക്ഷികള്‍ക്കുള്ള മുന്നറിയിപ്പെന്ന് റഷ്യ

ഉക്രെയ്‍നെതിരായ ബാലിസ്റ്റിക് മിസെെല്‍ ആക്രമണം പാശ്ചാത്യ സഖ്യകക്ഷികള്‍ക്കുള്ള മുന്നറിയിപ്പെന്ന് ക്രെംലിന്‍. റഷ്യയ്ക്കെതിരായ യുഎസിന്റെയും യുകെയുടെയും നീക്കങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്‍കോവ് പറഞ്ഞു. ഉക്രെയ‍്നിയന്‍ സെെ­നിക കേന്ദ്രത്തിന് നേരെ പുതിയ ഹെെപ്പര്‍സോണിക് മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസെെല്‍ ആക്രമണം നടത്തിയെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ക്രെംലിന്റെ പ്രസ്താവന. റഷ്യയ്ക്കെതിരെ ആയുധങ്ങള്‍ ഉപയോഗിച്ച ഏത് രാജ്യത്തിന്റെയും സെെനിക ശേഷിയെ ആക്രമിക്കാനുള്ള മോസ്കോയുടെ കഴിവാണ് വെളിപ്പെടുത്തുന്നതെന്നും പുടിന്‍ പറഞ്ഞു. പുതിയ മിസൈലിനെ തടയാൻ യുഎസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കില്ല. ഇതിന് ശബ്‌ദത്തേക്കാൾ പത്തിരട്ടി വേഗതയുള്ളതാണ്. റഷ്യയെ ആക്രമിക്കാൻ ഉക്രെയ‍്നെ സഹായിക്കുന്ന സഖ്യ കക്ഷികൾക്ക് നേരെയും മിസൈൽ തൊടുത്തുവിടാൻ മടിക്കില്ലെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകൾ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ‍്ന് അനുമതി നൽകിയതിന് ശേഷം ആദ്യമായാണ് വിഷയത്തിൽ പുടിൻ പ്രതികരിക്കുന്നത്. ഒറെഷ്നിക് എന്നാണ് കഴിഞ്ഞ ദിവസം ഉക്രെയ‍്നില്‍ വിക്ഷേപിച്ച മിസൈലിന് റഷ്യൻ സൈന്യം നൽകിയിരിക്കുന്ന പേര്.

ബാലിസ്റ്റിക് മിസെെല്‍ പ്രയോഗം യുദ്ധം കൂടുതല്‍ പിരിമുറക്കത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണെന്നും ലോകരാജ്യങ്ങള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തണമെന്നും ഉക്രെെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. റഷ്യയ്ക്ക് സമാധാനത്തിന് താല്പര്യമില്ലെന്നതിന്റെ തെളിവാണ് ഹെെപ്പര്‍സോണിക് ആക്രമണമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരെ ഭീകരരായാണ് റഷ്യ പരിഗണിക്കുന്നതെന്നും ഉക്രെയ‍്ന്റെ സഖ്യകക്ഷികളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും നാറ്റോയും ആരോപിച്ചു. കൂടുതല്‍ ആയുധങ്ങള്‍ വിന്യസിക്കുന്നത് സംഘര്‍ഷത്തിന്റെ ഗതി മാറ്റുകയോ ഉക്രെയ‍്നെ പിന്തുണയ്ക്കുന്നതില്‍ നിന്ന് സഖ്യകക്ഷികളെ തടയുകയോ ചെയ്യില്ലെന്ന് നാറ്റോ വക്താവ് ഫറാ ദഖ്‌ലല്ല പറഞ്ഞു. ആക്രമണത്തിന് പിന്നാലെ, സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് ഉക്രെയ‍്ന്‍ പാര്‍ലമെന്റ് സമ്മേളനം റദ്ദാക്കി. 

റഷ്യയുടെ ദീര്‍ഘദൂര ആര്‍എസ്-26 റൂബെസ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെെലിന്റെ രൂപ‍കല്പനയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ഉക്രെയ‍്നെതിരെ തൊടുത്ത ഹെെപ്പര്‍സോണിക് മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസെെല്‍. പുതിയ മിസൈൽ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്നും റഷ്യയുടെ കൈവശം വിരലിലെണ്ണാവുന്നതേയുള്ളൂവെന്നും പരമ്പരാഗത പോര്‍മുനകള്‍ ഉപയോഗിച്ചാണ് മിസെെല്‍ തൊടുത്തതെന്നുംപെന്റഗണ്‍ പറഞ്ഞു. എന്നാൽ ആവശ്യാനുസരണം ഇതില്‍ പരിഷ്കാരങ്ങള്‍ വരുത്താം.
പുതിയ മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഉപയോഗം വളരെ ആശങ്കാജനകമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. സാഹചര്യങ്ങള്‍ തെറ്റായ ദിശയിലേക്കാണ് പോകുന്നത്. സംഘര്‍ഷം രൂക്ഷമാകാതിരിക്കാനും സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കണമെന്നും എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുന്നതായും ഗുട്ടറെസ് പറഞ്ഞു. റഷ്യയുടെ പുതിയ മിസെെലുകളുടെ പരീക്ഷണം എന്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങണം, ഏതൊക്കെ ആക്രമണ ശേഷികൾ പിന്തുടരണം എന്നതിനെക്കുറിച്ചുള്ള നാറ്റോ രാജ്യങ്ങളുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്ന് വിദ്ഗര്‍ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version