Site iconSite icon Janayugom Online

ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ നല്‍കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വി.സി

കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് വൈസ് ചാൻസലർ റദ്ദാക്കി. സീരിയൽ നമ്പറും റിട്ടേണിങ് ഓഫിസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്ന യുഡിഎസ്എഫ് പരാതി അംഗീകരിച്ചാണ് വൈസ് ചാൻസലർ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

സിൻഡിക്കേറ്റ് അംഗീകരിച്ച നിയമങ്ങൾക്ക് അനുസൃതമായി അച്ചടിച്ച പുതിയ ബാലറ്റുകൾ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്നും വിസി അറിയിച്ചു. തെരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം തടയാനും വി. സി നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന പരാതിയെത്തുടർന്ന് കാലിക്കറ്റ് സർവകലാശാല കാമ്പസിലെ ഡിഎസ്‌യു തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ചും ടിഎസ്ആർ, ഐഇടി, ഐടിഎസ്ആർ എന്നിവിടങ്ങളിലെ ഡിഎസ് യു തെരഞ്ഞെടുപ്പിനെക്കുറിച്ചും അന്വേഷണം നടത്താനും വിസി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഡിഎസ്. യുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ വിദ്യാർഥി സംഘർഷങ്ങളെ തുടർന്ന് ക്ലാസുകൾ നിർത്തിവച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു. ഒരറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ വിദ്യാർഥികളും ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞ് വീട്ടിൽ പോകണമെന്നും നിർദേശിച്ചിരുന്നു.

Exit mobile version