Site iconSite icon Janayugom Online

മാലിദ്വീപിലെ ഇന്ത്യാ വിരുദ്ധ ക്യാമ്പയ്‍ന് വിലക്ക്

മാലിദ്വീപില്‍ പ്രതിപക്ഷം നടത്തുന്ന ഇന്ത്യാ വിരുദ്ധ ക്യാമ്പയ്ന്‍ നിരോധിച്ച് പ്രസിഡന്റ് ഉത്തരവിട്ടു. ക്യാമ്പയ്‍ന്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പ്രഡിഡന്റ് ഇബ്രാഹിം സോലിഹ് പ്രഖ്യാപിച്ചു. ക്യാമ്പയ്നുമായി ബന്ധപ്പെട്ട് ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാനും പ്രതിഷേധകരെ അറസ്റ്റുചെയ്യാനും സുരക്ഷാ ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരമുണ്ട്.

മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാല്‍ഡീവ്സിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ വിരുദ്ധ (ഇന്ത്യ ഔട്ട്) ക്യാമ്പയ്ന്‍ ആരംഭിച്ചത്. മാലിദ്വീപിലുള്ള ഇന്ത്യന്‍ സെെനിക ഉദ്യോഗസ്ഥരുടെ സാനിധ്യം രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ ക്യാമ്പയ്‍ന്റെ തുടക്കം. എന്നാല്‍ മാലിദ്വീപ് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന പ്രസിഡന്റ് ഇബ്രാഹിം സോലിഹ് തന്നെയാണ് പ്രതിപക്ഷത്തിന്റെ പരോക്ഷ ലക്ഷ്യം. അതേസമയം, ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് സംയുക്ത പ്രതിപക്ഷം അറിയിച്ചു.

നേരത്തെ, മാലിദ്വീപിന്റെ വിദേശ ബന്ധങ്ങളെ ഹനിക്കുന്ന പ്രചാരണങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന കരട് നിയമനിർമ്മാണം സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

മാലിദ്വീപ് പാർലമെന്റിന്റെ സെക്യൂരിറ്റി സർവീസ് കമ്മിറ്റി ഫെബ്രുവരിയിലും മാർച്ചിലും ‘ഇന്ത്യ ഔട്ട്’ കാമ്പെയ്‌നിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഹിയറിങ് നടത്തിയിരുന്നു. സമിതി ഇതുവരെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല.

Eng­lish Sum­ma­ry: Ban on anti-India cam­paign in Maldives

You may like this video also

Exit mobile version