മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ നിരോധിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കെതിരായ കേസുകളില്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ നിയമപ്രകാരം പാര്‍ട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ വിലക്ക് നേരിടും. ഇടക്കാല സർക്കാരിന്റെ ഉപദേശക സമിതിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. രാഷ്ട്രീയ പാർട്ടികള്‍ക്കും അനുബന്ധ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുവദിക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ നിയമത്തിലെ ഭേദഗതിയും ഉപദേശക സമിതി അംഗീകരിച്ചു.
ദേശീയ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായ നേതാക്കളുടെയും പ്രവർത്തകരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് അവാമി ലീഗിന് നിരോധനം ഏര്‍പ്പെടുത്തിയത്. അടുത്ത 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപനം അന്തിമമാക്കി പ്രസിദ്ധീകരിക്കാനും ഉപദേശക സമിതി തീരുമാനിച്ചു. പുറത്താക്കപ്പെട്ടതിന് ശേഷം ഹസീനയ്ക്കും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ നിരവധി കേസുകള്‍, കൊലപാതക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. അവാമി ലീഗ് പാർട്ടിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി പ്രസ്ഥാനം ശനിയാഴ്ച പ്രതിഷേധം നടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തിലെ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.

