ബസുകളിലെ കാതടപ്പിക്കുന്ന പാട്ടുകൾക്കും സിനിമാ പ്രദർശനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി ജില്ലാ എൻഫോഴ്സ്മെന്റ് ആർ ടി ഒ. കണ്ണൂർ ജില്ലയിൽ സർവീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വിഷ്വൽ സംവിധാനങ്ങളും അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റണം എന്ന് ആർ ടി ഒ നിർദേശം നൽകി. പരിശോധനയിലോ പരാതിയിലോ നിയമലംഘനം കണ്ടെത്തിയാൽ വാഹനത്തിന്റെ പെർമിറ്റും ഫിറ്റ്നസും റദ്ദാക്കും. കൂടാതെ, 10,000 രൂപ വരെ പിഴയും ഈടാക്കും. ഡ്രൈവർക്കെതിരെയും നടപടിയുണ്ടാകും.
വാതിൽ തുറന്നുവെച്ച് സർവീസ് നടത്തുന്നതും എൻജിൻ ബോണറ്റിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തുന്നതും നിയമവിരുദ്ധമാണെന്നും ഇവ അനുവദിക്കില്ലെന്നും ആർ ടി ഒ വ്യക്തമാക്കി. സീറ്റിനടിയിൽ വലിയ സ്പീക്കർ ബോക്സുകൾ ഘടിപ്പിക്കുന്നത് യാത്രക്കാർക്ക് കാൽ നീട്ടി വെച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയും വ്യാപകമാണെന്ന് ആർ ടി ഒ അറിയിച്ചു.

