Site iconSite icon Janayugom Online

മൈസൂരുവിൽ ബലൂണുകളിൽ ഹീലിയം ഗ്യാസ് നിറയ്ക്കുന്നതിന് നിരോധനം; ഉത്തരവുമായി പൊലീസ് കമ്മീഷണര്‍

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മൈസൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ ബലൂണുകളിൽ ഹീലിയം ഗ്യാസ് നിറയ്ക്കുന്നത് നിരോധിച്ചു. മൈസൂരു പൊലീസ് കമ്മീഷണർ സീമ ലട്കർ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്തിടെ മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം ബലൂൺ കച്ചവടക്കാരന്റെ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടർന്നാണ് ഈ തീരുമാനം. 

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഈ അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണ് കമ്മീഷണറുടെ ഇടപെടൽ. 2023ലെ ഭാരതീയ ന്യായ സംഹിതയിലെ 153-ാം വകുപ്പ് പ്രകാരം തനിക്ക് ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ചാണ് കമ്മീഷണർ ഈ ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ച് ഹീലിയം സിലിണ്ടറുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Exit mobile version