Site iconSite icon Janayugom Online

കർണാടകയിലെ കൂടുതൽ ജില്ലകളിൽ അഹിന്ദുക്കളായ വ്യാപാരികൾക്ക് വിലക്ക്

കർണാടകയിലെ കൂടുതൽ ജില്ലകളിൽ അഹിന്ദുക്കളായ വ്യാപാരികൾക്ക് വിലക്ക്. സംസ്ഥാനത്തെ വാർഷിക ക്ഷേത്ര മേളകളിലും മതപരമായ ചടങ്ങുകളിലും അഹിന്ദുക്കളായ വ്യാപാരികൾക്കും കച്ചവടക്കാർക്കും കച്ചവടം നടത്താനുള്ള അനുമതി നിഷേധിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഉഡുപ്പി ജില്ലയിലെ വാർഷിക കൗപ് മാരിഗുഡി ഉത്സവത്തിൽ അഹിന്ദുക്കളായ കച്ചവടക്കാർക്കും വ്യാപാരികൾക്കും പ്രവേശനം അനുവദിക്കരുതെന്ന് കാണിച്ച് ബാനറുകൾ സ്ഥാപിച്ചിരുന്നു. അതിനുശേഷം പടുബിദ്രി ക്ഷേത്രോത്സവത്തിലും ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളിലും സമാനമായ ബാനറുകൾ പ്രദർശിപ്പിച്ചിരിക്കുകയാണ്.

വാർഷിക ക്ഷേത്ര മേളകളിലും മതപരമായ ചടങ്ങുകളിലും അഹിന്ദു വ്യാപാരികളെ കച്ചവടത്തിന് അനുവദിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട ഒരു ടെൻഡറിലും പങ്കെടുക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മൈസൂരു യൂണിറ്റ് മുസ്രൈ വകുപ്പ് ഉദ്യോഗസ്ഥർക്ക് മെമ്മോറാണ്ടം നൽകുകയും ചെയ്തു.

ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ മുസ്ലീങ്ങൾ അടുത്തിടെ നടത്തിയ ബന്ദിനെ പിന്തുണച്ചതിലുള്ള പ്രതികാരമായാണ് നടപടിയെന്ന് ഹിന്ദു പ്രവർത്തകർ പറഞ്ഞു. രാജ്യത്തെ നിയമത്തോടും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയോടുമുള്ള അവരുടെ അവഗണനയാണ് ഇത് കാണിക്കുന്നതെന്ന് അവർ ആരോപിച്ചു.

യൂണിഫോം ഡ്രസ് കോഡ് ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിൽ നിന്നുള്ള ചില പെൺകുട്ടികൾ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു.

eng­lish summary;Ban On Non-Hin­du Traders Near Tem­ples Spreads To More Dis­tricts In Karnataka

you may also like this video;

Exit mobile version