Site iconSite icon Janayugom Online

ബദ്രിനാഥ്, കേദാർനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്ക്; പ്രമേയം പാസാക്കി ക്ഷേത്ര കമ്മിറ്റി

ഉത്തരാഖണ്ഡിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ ബദ്രിനാഥ്, കേദാർനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രമേയം പുറപ്പെടുവിച്ചത്. ദേവഭൂമിയുടെ മതപരവും സാംസ്കാരികവുമായ പാരമ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്മിറ്റി വിശദീകരിച്ചു.

കമ്മിറ്റിയുടെ കീഴിലുള്ള 45 ക്ഷേത്രങ്ങളിലും ഇനി മുതൽ അഹിന്ദുക്കൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് പ്രസിഡന്റ് ഹേമന്ത് ദ്വിവേദി അറിയിച്ചു. ബദ്രിനാഥ്, കേദാർനാഥ് എന്നിവയ്ക്ക് പുറമെ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളിലും ഈ നിയന്ത്രണം ബാധകമായിരിക്കും. നിലവിൽ ശീതകാലത്തിനായി അടച്ചിട്ടിരിക്കുന്ന ഈ ക്ഷേത്രങ്ങൾ ഏപ്രിലിൽ വീണ്ടും തുറക്കാനിരിക്കെയാണ് പുതിയ തീരുമാനം.

ശിവരാത്രി ദിനത്തിലായിരിക്കും കേദാർനാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഏപ്രിൽ 19ന് ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളും ഏപ്രിൽ 23ന് ബദ്രിനാഥ് ക്ഷേത്രവും ഭക്തർക്കായി തുറന്നുകൊടുക്കും. പാരമ്പര്യമായി ഈ ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലായിരുന്നുവെന്നും, ആചാരപരമായ ഈ പവിത്രത നിലനിർത്താനാണ് ഇപ്പോൾ കർശന തീരുമാനമെടുത്തതെന്നും കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി.

Exit mobile version