പാലിയേക്കര ടോള്‍ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവച്ചു. ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. തകർന്ന റോഡുകൾ നന്നാക്കിയിട്ട് ടോൾ പിരിക്കാമെന്ന് ദേശീയ പാത അതോറിറ്റിയോട് ഹൈക്കോടതി പറഞ്ഞു. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.
മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതിനെത്തുടർന്ന് റോഡു ഗതാഗതം തടസപ്പെട്ട കാര്യം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ടോൾ പിരിവിനുള്ള വിലക്ക് ഹൈക്കോടതി നീട്ടിയത്. റോഡിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ച് ഗതാഗത യോഗ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചു.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ജനവികാരത്തിനൊപ്പം ആണ് കോടതി എന്ന് പാലിയേക്കരയിലെ പരാതിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു. ടോൾ പുനഃസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനേ അനുവാദം നൽകാവൂ എന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.

