Site icon Janayugom Online

ഗോതമ്പ് കയറ്റുമതി നിരോധനം: നേട്ടം റിലയന്‍സിന്

wheat

ഭക്ഷ്യക്ഷാമ സാധ്യത കണക്കിലെടുത്തുള്ള ഗോതമ്പ് കയറ്റുമതി നിരോധനവും നേട്ടമായത് മുകേഷ് അംബാനിയുടെ റിലയന്‍സിന്. ഗോതമ്പ് കയറ്റുമതി വിലക്കിന് ശേഷം ധാന്യവ്യാപാര രംഗത്തെത്തിയ റിലയന്‍സ് ഇന്റസ്ട്രീസ് വളരെ പെട്ടെന്ന് രണ്ടാമത്തെ ഗോതമ്പ് കയറ്റുമതിക്കാരായി മാറി.
മേയ് മാസത്തിലാണ് രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിക്കപ്പെട്ടത്. അതിനുശേഷം ധാന്യവ്യാപാര രംഗത്തെത്തിയ റിലയന്‍സ് വ്യവസ്ഥകള്‍ക്കു വിരുദ്ധമായാണ് ഗോതമ്പ് കയറ്റുമതി നടത്തിയതെന്നും മുന്‍കാലത്തെ ബാങ്ക് ഗ്യാരന്റിയും ബാങ്ക് നല്കുന്ന ലെറ്റര്‍ ഓഫ് ക്രെഡിറ്റ് സംവിധാനവും ഉപയോഗിച്ചാണ് അവര്‍ക്ക് കയറ്റുമതി സാധ്യമായതെന്നും ആഗോളമാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി സംരംഭമായിരുന്ന ഐടിസിക്കുപോലും വാണിജ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥ പാലിക്കാനാകാത്തതിനാല്‍ കയറ്റുമതിയില്‍ നിന്ന് പിറകോട്ടു പോകേണ്ടിവന്നപ്പോഴാണ് റിലയന്‍സ് രംഗപ്രവേശം ചെയ്യുകയും മുന്‍കാല ബാങ്ക് ഗ്യാരന്റി, ലെറ്റര്‍ ഓഫ് ക്രെഡിറ്റ് എന്നിവ ഉപയോഗിച്ച് കയറ്റുമതി സാധ്യമാക്കുകയും ചെയ്തത്.
മേയ് 13നാണ് രണ്ടര ലക്ഷം ടണ്‍ ഗോതമ്പ് വാങ്ങുന്നതിനായി മേയ് 12ന്റെ 85 ദശലക്ഷം ഡോളറിനുള്ള ലെറ്റര്‍ ഓഫ് ക്രെഡിറ്റ് റിലയന്‍സ് സമര്‍പ്പിക്കുന്നത്. ചില വ്യാപാരികള്‍ മേയ് 13ന് ലെറ്റര്‍ ഓഫ് ക്രെഡിറ്റ് സമര്‍പ്പിച്ച് കയറ്റുമതിക്കാരില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുവെങ്കിലും നിലവിലുള്ളവ മാത്രമേ അംഗീകരിക്കൂ എന്ന കാരണം പറഞ്ഞ് നിരസിക്കുകയായിരുന്നു. അങ്ങനെയാണ് റിലയന്‍സ് കയറ്റുമതിയില്‍ മുന്നിലെത്തുന്നത്.
മേയ് 13നോ അതിനു മുമ്പോ തീയതികളിലുള്ള ലെറ്റര്‍ ഓഫ് ക്രെഡിറ്റ് സമര്‍പ്പിച്ച വ്യാപാരികള്‍ക്ക് മേയ് 22 മുതലാണ് കയറ്റുമതി പുനരാരംഭിക്കുന്നതിന് അനുമതി നല്കിയത്. അതുകൊണ്ടുതന്നെ ഓഗസ്റ്റ് 16 ലെ കണക്കുകള്‍ പ്രകാരം 3,34,000 മെട്രിക് ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്ത റിലയന്‍സ് 7,27,733 മെട്രിക് ടണ്‍ കയറ്റി അയച്ച ഐടിസിക്കു പിറകില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് കാര്‍ഷിക കയറ്റുമതി രംഗത്തേയ്ക്ക് റിലയന്‍സ് പ്രവേശിക്കുന്നത്. ഒക്ടോബറില്‍ ഇതിനായി അബുദാബിയില്‍ റിലയന്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന അനുബന്ധ സ്ഥാപനമുണ്ടാക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Ban on wheat exports: Ben­e­fit for Reliance

You may like this video also

Exit mobile version