Site icon Janayugom Online

ട്രംപിന് വീണ്ടും വിലക്ക്; മെയ‍്നിലും മത്സരിക്കാന്‍ അനുമതിയില്ല

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി മെയ‍്ന്‍. 2021 ജനുവരി ആറിലെ ക്യാപിറ്റോൾ ആക്രമണത്തിലെ പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു മെയ്നിലെ മുഖ്യ തെരഞ്ഞെടുപ്പ് മേധാവിയുടെ നടപടി. വടക്കുകിഴക്കൻ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ സംസ്ഥാനമാണ് മെയ‍്ന്‍. ട്രംപിനെ അയോഗ്യനാക്കി കൊളറാഡോ കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു.
2020ലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ട്രംപ് വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്ന് മെയ്ൻ സ്റ്റേറ്റ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് മേധാവിയുമായ ഷെന്ന ബെല്ലോസ് പറഞ്ഞു. നമ്മുടെ സർക്കാരിന്റെ അടിത്തറയ്‌ക്കെതിരായ ആക്രമണം യുഎസ് ഭരണഘടന അനുവദിക്കില്ലെന്ന് 34 പേജുള്ള വിധിയിൽ ഷെന്ന ബെല്ലോസ് കുറിച്ചു. അതേസമയം നടപടിക്കെതിരെ ഉടൻ എതിർപ്പ് രേഖപ്പെടുത്തുമെന്ന് ട്രംപിന്റെ പ്രചാരണ ക്യാമ്പ് പ്രതികരിച്ചു.

ഔദ്യോഗിക പദവി വഹിക്കുന്നവർ കലാപത്തിൽ ഏർപ്പെട്ടാൽ അവരെ അയോഗ്യനാക്കണമെന്ന അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ സെക്ഷൻ മൂന്ന് പ്രകാരം, അടിസ്ഥാനത്തിൽ ട്രംപിനെ പുറത്താക്കണമെന്ന് മെയ്ൻ നിയമനിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനമുണ്ടായത്. നിലവിലെ ഉത്തരവ് മെയ്നിൽ മാത്രമാണ് ബാധകമാകുന്നതെങ്കിലും ട്രംപിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. 2020ലെ തെരഞ്ഞെടുപ്പിൽ ജോർജിയയിലെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെ മൂന്ന് കേസുകളിൽ മുൻ പ്രസിഡന്റിനെതിരെ കുറ്റപത്രം നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാവാണ് ട്രംപ്.

ഡിസംബർ 19നാണ് കൊളറാഡോ സുപ്രീംകോടതി ട്രംപിനെ സ്ഥാനാർത്ഥിത്വത്തിൽനിന്ന് അയോഗ്യനാക്കി ഉത്തരവിറക്കിയത്. . കൊളറാഡോ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ട്രംപിനെ അയോഗ്യനാക്കണമെന്ന ആവശ്യം മറ്റ് പല സംസ്ഥാനങ്ങളിലും എതിർക്കപ്പെട്ടിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിലെ നിർണായക സംസ്ഥാനങ്ങളിൽ ഒന്നായ മിഷിഗനിലെ സുപ്രീംകോടതി, ട്രംപിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കാൻ ബുധനാഴ്ച വിസമ്മതിച്ചിരുന്നു.

Eng­lish Summary;Ban Trump again; Not allowed to com­pete in mains either
You may also like this video

Exit mobile version