Site iconSite icon Janayugom Online

അധ്വാനമില്ലാതെ വാഴക്കന്ന് പിഴുതെടുക്കാം, കൂര്‍ക്ക തൊലികളയാം…

കേരള കാർഷിക സർവകലാശാല കാർഷിക അധ്വാനം ലഘൂകരിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങൾക്കുള്ള പേറ്റന്റ് നേടി. വാഴക്കന്ന് പിഴുതെടുക്കുന്നതിനും കൂർക്കയുടെ തൊലി കളയുന്നതിനുമുള്ള യന്ത്രങ്ങള്‍ക്കാണ് സർവകലാശാലയ്ക്ക് പേറ്റന്റ് ലഭിച്ചത്.
പരമ്പരാഗത രീതിയിൽ തൂമ്പയും പാരയും ഉപയോഗിച്ച് വാഴക്കന്ന് പിഴുതെടുക്കുമ്പോൾ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. യന്ത്രം ഉപയോഗിച്ച് വാഴക്കന്നുകൾ കേടുവരാതെ മാതൃസസ്യത്തിൽ നിന്നും പിഴുതെടുക്കാന്‍ സാധിക്കും. ട്രാക്ടർ പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളിൽ ബന്ധിപ്പിച്ച് ഇത് ഉപയോഗിക്കാം.
ഒരു ഹൈഡ്രോളിക് സിലിണ്ടർ, കൊഴു, ഹൈഡ്രോളിക് പൈപ്പ്, നിയന്ത്രണ വാൽവ് എന്നിവയാണ് യന്ത്രത്തിന്റെ ഭാഗങ്ങൾ. ട്രാക്ടറിനോട് ബന്ധിപ്പിച്ചിട്ടുള്ള കൊഴു മണ്ണിൽ താഴ്ത്തി വാഴക്കന്നുകൾ പിഴുതെടുക്കുകയാണ് ചെയ്യുന്നത്. യന്ത്രത്തിന്റെ ശേഷി 0.19 ഹെക്ടർ/മണിക്കൂർ ആണ്. ഒരു ദിവസം 180 വാഴകളിൽ നിന്നും കന്നുകൾ പിഴുതു മാറ്റാം. ചെലവ് നാലിൽ മൂന്നായി കുറയ്ക്കാൻ സാധിക്കും. 

വീടുകളിൽ ഉപയോഗിക്കുന്ന ഗ്രൈൻഡറിൽ ഘടിപ്പിക്കാവുന്ന യന്ത്രം ആണ് കൂർക്കയുടെ തൊലി കളയുന്നതിനുള്ളത്. പീലിങ് യൂണിറ്റും നിയന്ത്രണ ദണ്ഡുമാണ് യന്ത്രത്തിന്റെ ഭാഗങ്ങൾ. കൂർക്കയുടെ തൊലി കളയുകയും പൊട്ടൽ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയിലാണ് യന്ത്രത്തിന്റെ രൂപകല്പന. കൂർക്ക യന്ത്രത്തിൽ ഇട്ടുകൊടുത്ത് വെള്ളം ഒഴിച്ച് പ്രവർത്തിപ്പിക്കാം. ഒരു മണിക്കൂറിൽ 15 കിലോ കൂർക്ക തൊലി കളഞ്ഞെടുക്കുന്നതിന് സാധിക്കും. ചെറുകിഴങ്ങ്, ചക്കക്കുരു എന്നിവയുടെ തൊലിയും കളയാം
കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള തവന്നൂരിലെ കേളപ്പജി കാർഷിക എൻജിനീയറിങ് കോളജിൽ ഗവേഷണ വിഭാഗം മേധാവി ഡോ. ജയൻ പി ആർ, ഫാക്കൽറ്റി ഡീൻ (അഗ്രി.എൻജിനീയർ), ഹരികൃഷ്ണൻ എം (വിദ്യാർത്ഥി), അശ്വതി വി (വിദ്യാർത്ഥി), കെ ആർ അജിത്കുമാർ (റിസർച്ച് അസിസ്റ്റന്റ്) എന്നിവർ വാഴക്കന്ന് യന്ത്രം വികസിപ്പിക്കുന്നതിനും ഡോ. ജയൻ പി ആർ, ഡോ. ടി ആർ ഗോപാലകൃഷ്ണൻ എന്നിവർ കൂർക്കയുടെ തൊലി കളയുന്ന യന്ത്രം വികസിപ്പിക്കുന്നതിനും നേതൃത്വം നൽകി.

You may also like this video

Exit mobile version