Site iconSite icon Janayugom Online

ബംഗ്ലാദേശ്-ഇന്ത്യ ബന്ധം വഷളാകുന്നു; ചിറ്റഗോങ്ങിലെ വിസാ അപേക്ഷ കേന്ദ്രം അടച്ചു

വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്‍മാന്‍ ബിന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ഇന്ത്യ‑ബംഗ്ലാദേശ് ബന്ധം വീണ്ടും വഷളാകുന്നു. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ വിസ അപേക്ഷ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തി. ചട്ടോഗ്രാമിലെ ഇന്ത്യന്‍ വിസ അപ്ലിക്കേഷന്‍ സെന്ററാണ് (ഐവിഎസി) പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ഇന്നലെ മുതല്‍ വിസ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. അസിസ്റ്റന്റ് ഹൈക്കമ്മിഷന് മുന്നിൽ സുരക്ഷ ശക്തമാക്കിയതായും ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ധാക്ക ഉള്‍പ്പെടെയുള്ള വിസാ അപേക്ഷാ കേന്ദ്രങ്ങള്‍ നേരത്തെ അടച്ചിരുന്നു.
അതേസമയം ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക അറിയിച്ചു. ദീപു ചന്ദ്രദാസ് എന്നയാളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യയിലെ ബം​ഗ്ലാദേശ് ഹൈക്കമ്മിഷന് നേരെ ആക്രമണം ഉണ്ടായെന്ന ബം​ഗ്ലാദേശ് മാധ്യമങ്ങളുടെ വാർത്ത വിദേശകാര്യമന്ത്രാലയം തള്ളി. ദീപു ചന്ദ്രദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധം മാത്രമേ നടന്നിട്ടുള്ളൂ എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ ബം​ഗ്ലാദേശ് ഹൈക്കമ്മിഷന് സുരക്ഷാ പ്രശ്നങ്ങൾ പ്രതിഷേധക്കാർ സൃഷ്ടിച്ചില്ലെന്നും വിദേശമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അവകാശപ്പെട്ടു. 

Exit mobile version