Site iconSite icon Janayugom Online

ചരിത്രത്തിലാദ്യമായി തപാല്‍ വോട്ടുകള്‍ ഉപയോഗിക്കാനൊരുങ്ങി ബംഗ്ലാദേശ്

സ്വതന്ത്ര ചരിത്രത്തിൽ ആദ്യമായി, പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് തപാല്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നു. ഫെബ്രുവരിയില്‍ നടക്കാനാരിക്കുന്ന തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് സൗകര്യമുണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. പോസ്റ്റല്‍ വോട്ട് ബിഡി എന്ന ആപ്ലിക്കേഷന്‍ വഴിയാണ് തപാല്‍ വോട്ട് സംവിധാനം നടപ്പിലാക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത ശേഷം വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ലോഗിന്‍ ചെയ്ത് പാസ്‌പോർട്ട് നമ്പർ, സമ്മതിദായകന്റെ ഫോട്ടോ തുടങ്ങിയ വിശദാംശങ്ങൾ ചേർക്കുകയും വേണം. ഈ ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, വോട്ടർമാർക്ക് ബാലറ്റ് പേപ്പറുകൾ ലഭിക്കും. അത് അടുത്തുള്ള പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. വോട്ടർ രജിസ്ട്രേഷൻ കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ആരംഭിച്ചിരുന്നു. ജനുവരി‍ അഞ്ചാണ് അവസാന തീയതി. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, സ്വദേശത്തും വിദേശത്തും താമസിക്കുന്ന 1.2 ദശലക്ഷത്തിലധികം ബംഗ്ലാദേശി പൗരന്മാർ തപാല്‍ ബാലറ്റ് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്താൻ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്, ആകെയുള്ളതിൽ 10,953 വോട്ടർമാർ മാത്രമാണ് ഇപ്പോഴും അംഗീകാരത്തിനായി കാത്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ പകുതിയോളം പേർ ബംഗ്ലാദേശിലാണ് താമസിക്കുന്നത്. ഗൾഫ് മേഖലയിലാണ് ബംഗ്ലാദേശ് പൗരന്മാര്‍ ഏറ്റവും കൂടുതല്‍. 2.6 ലക്ഷം പൗരന്മാരാണ് സൗദി അറേബ്യയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുകെയില്‍ 28,000ത്തിലധികം ബംഗ്ലാദേശി വോട്ടർമാരുണ്ട്. അമേരിക്കയിൽ 29,170 പൗരന്മാരാണുള്ളത്. ഖത്തർ, മലേഷ്യ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ് എന്നിവയാണ് പ്രവാസി ബംഗ്ലാദേശി വോട്ടർമാരുള്ള മറ്റ് ചില രാജ്യങ്ങൾ. കൊളംബിയയിലും കാമറൂണിലും ആണ് ഏറ്റവും കുറവ് രജിസ്ട്രേഷന്‍ നടന്നത്. ഒരോന്ന് വീതം വോട്ടര്‍മാരാണ് ഇരുരാജ്യങ്ങളിലുമുള്ളത്. ദക്ഷിണേഷ്യയിൽ, ഇന്ത്യയിൽ 297 ബംഗ്ലാദേശി പൗരന്മാർ പോസ്റ്റൽ ബാലറ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, പാകിസ്ഥാനിൽ 29 രജിസ്ട്രേഷനുകൾ നടന്നിട്ടുണ്ട്. 

Exit mobile version