ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി മുംബൈയിൽ നിന്നും പുറത്താക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മറാത്തി ഹിന്ദുവിനെ മുംബൈയുടെ മേയറാക്കുമെന്നും അദ്ദേഹം പറഞ്ഞു. 17,000 കോടി രൂപയുടെ പരിസ്ഥിതി ബജറ്റ് മുംബൈക്കായി കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 15നാണ് ബ്രിഹാൻ മുംബൈ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി നടത്തിയ ആദ്യ റാലിയിലായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശം. മുംബൈയിലെ ബംഗ്ലാദേശ് കുടിയേറ്റക്കാരെ തിരിച്ചറിയും. അവസാന കുടിയേറ്റക്കാരനേയും മുംബൈയിൽ നിന്ന് നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബുർഖ ധരിച്ചയാൾ മുംബൈ മേയറാകുന്നതിനെ കുറിച്ച് ചിലർ സംസാരിക്കുന്നുണ്ട്. എന്നാൽ, മറാത്തി ഹിന്ദു മാത്രമേ മുംബൈയുടെ മേയറാകുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ അമീത് സതാം നഗരത്തിന്റെ മേയറായി ഖാൻ വിഭാഗത്തിൽ നിന്നുള്ളയാളെ കൊണ്ടു വരില്ലെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.എൻ.എസ് പ്രസിഡന്റ് രാജ് താക്കറെയും ബ്രിഹാൻ മുംബൈ കോർപറേഷൻ ഭരണം പിടിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

