മുന്‍ സെലക്ടര്‍ മഞ്ജുറുള്‍ ഇസ്ലാം അടക്കം ടീം മാനേജ്‌മെന്റിലെ അംഗങ്ങള്‍ക്കെതിരേ ലൈംഗികപീഡന ആരോപണം ഉന്നയിച്ച് പരസ്യമായി രംഗത്തെത്തി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം. 2022ലെ വനിതാ ലോകകപ്പിനിടെ ടീം മാനേജ്‌മെന്റിലെ പലരില്‍നിന്നും മോശം സമീപനം നേരിട്ടിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. നിലവിൽ താരം ബംഗ്ലാദേശ് വനിതാ ടീമിന്റെ ഭാഗമല്ല. മാനസികാരോഗ്യം മുന്‍നിര്‍ത്തി ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ഇവർ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
മഞ്ജുറുള്‍ ഇസ്ലാമിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് ഇയാള്‍ ജഹനാരയുടെ കരിയറില്‍ ഒരു തടസമായി മാറിയെന്ന് നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. ബംഗ്ലാദേശിന്റെ മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് മഞ്ജുറുള്‍ ഇസ്ലാം.
ഈ വിഷയത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നും പിന്തുണ തേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വനിതാ കമ്മിറ്റി മേധാവി നാദേല്‍ ചൗധരി പോലും താന്‍ നേരിട്ട പീഡനം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും ജഹനാര പറഞ്ഞു. ബിസിബി ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി പലതവണ തന്റെ പരാതികള്‍ അവഗണിച്ചുവെന്നും താരം ആരോപിച്ചു. പ്രീ-ക്യാമ്പില്‍ പ്രാക്ടീസിനിടെയാണ് അയാൾ തന്നോട് മോഷമായി പെരുമാറിയതെന്നും അവർ കൂട്ടിചേർത്തു.
എന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് മഞ്ജുറുള്‍ ഇസ്ലാമിന്റെ പ്രതികരണം. താന്‍ നല്ലവനാണോ മോശക്കാരനാണോ എന്ന് നിങ്ങള്‍ക്ക് മറ്റ് ക്രിക്കറ്റ് കളിക്കാരോട് ചോദിക്കാമെന്നും മഞ്ജുറുള്‍ പറഞ്ഞു. ജഹനാര പറഞ്ഞതെല്ലാം കെട്ടിച്ചമച്ച കഥകളാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം തെളിവുകള്‍ കൊണ്ടുവരാനും മഞ്ജുറുള്‍ ആവശ്യപ്പെട്ടു.

