Site iconSite icon Janayugom Online

ബംഗ്ലാദേശ് വിധിയെഴുതുന്നു; പത്തുലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ രാജ്യം പോളിംഗ് ബൂത്തിലേക്ക്

ബംഗ്ലാദേശിൽ നാളെ പൊതുതെരഞ്ഞെടുപ്പ്. ഇടക്കാല സർക്കാർ ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. സുഗമമായ വോട്ടെടുപ്പിനായി രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം പത്ത് ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം തന്നെ 84 പോയിന്റുകൾ അടങ്ങിയ സങ്കീർണ്ണമായ ഭരണപരിഷ്കാര പാക്കേജിന്മേലുള്ള ഹിതപരിശോധനയും ഇന്ന് നടക്കും.

299 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 50 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 1,755 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നുണ്ട്. രാജ്യത്തെ 42,659 പോളിംഗ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും സിസിടിവി നിരീക്ഷണത്തിലാണ്. കൂടാതെ ചരിത്രത്തിലാദ്യമായി സുരക്ഷയ്ക്കായി ഡ്രോണുകളും ബോഡി ക്യാമറകളും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്നുണ്ട്. ഏകദേശം 12.7 കോടി വോട്ടർമാരാണ് ബംഗ്ലാദേശിലുള്ളത്. ഇതിൽ ആദ്യമായി വോട്ട് ചെയ്യുന്നവരുടെ എണ്ണം ഏകദേശം 3.58 ശതമാനമാണ്. കൂടാതെ എട്ട് ലക്ഷത്തോളം പ്രവാസി ബംഗ്ലാദേശികൾക്ക് ഇത്തവണ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 45 രാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകർ തെരഞ്ഞെടുപ്പ് പ്രക്രിയ വിലയിരുത്താൻ എത്തിയിട്ടുണ്ട്. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ എംഎം നാസിർ ഉദ്ദിൻ വ്യക്തമാക്കി. ഫലം കാലതാമസമില്ലാതെ പ്രഖ്യാപിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

Exit mobile version