Site iconSite icon Janayugom Online

ബംഗ്ലാദേശി കുടിയേറ്റക്കാരും സുരക്ഷാ സേന ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ ; രണ്ട് പേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റക്കാര്‍ അതിര്‍ത്തി സുരക്ഷാസേനാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ബുധനാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ഒരു ബി എസ് എഫ് ജവാനും കുടിയേറ്റക്കാരനുമുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു . വടിവാളുകള്‍, വടികള്‍, വയര്‍ കട്ടറുകള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കുടിയേറ്റക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. 

കുടിയേറ്റക്കാർ കൊള്ളയടിക്കാനും കള്ളക്കടത്തിനും ശ്രമിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും ഇവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. വടക്കന്‍ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലാണ് അനധികൃത കുടിയേറ്റക്കാര്‍ രഹസ്യമായി ഇന്ത്യയിലേക്ക് കടന്ന സംഭവം നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി ആകാശത്തേക്ക് വെടിയുതിര്‍ത്തതോടെ അക്രമികള്‍ ചിതറിയോടുകയായിരുന്നു. പരിക്കേറ്റ അക്രമിയെ ബി എസ് എഫ് ഉദ്യോഗസ്ഥര്‍ ഗംഗാറാംപൂര്‍ ആശുപത്രിയില്‍ എത്തിച്ചു.

Exit mobile version