Site icon Janayugom Online

ബാങ്ക് അക്കൗണ്ട് വില്പന: മുന്നറിയിപ്പുമായി പൊലീസ്

police j
ബാങ്ക് അക്കൗണ്ടുകൾ വില്പന നടത്തുന്നവർക്ക് കർശന മുന്നറിയിപ്പുമായി പൊലീസ്. പണത്തിന് വേണ്ടി എറണാകുളം ജില്ലയിൽ വില്പന നടത്തിയ നിരവധി അക്കൗണ്ടുകൾ എറണാകുളം റൂറല്‍ ജില്ലാ പൊലീസിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം റൂറൽ സൈബർ പൊലീസ് പിടികൂടിയ ഓൺലൈൻ തട്ടിപ്പുകേസിലെ പ്രതികൾ ഇത്തരത്തിൽ അക്കൗണ്ട് വില്പന നടത്തിയവരാണെന്നാണ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും അക്കൗണ്ടുകൾ വാങ്ങിയവർ നിരവധി ഇടപാടുകൾ നടത്തിയിട്ടുള്ളതായും ഇതിൽ വലിയ പങ്കും തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട ഇടപാടുകളുമാണെന്നാണ് പൊലീസിന്റെ നിരീക്ഷണം.
കോളജ് വിദ്യാർത്ഥികളും യുവാക്കളുമാണ് കൂടുതലും അക്കൗണ്ട് വിൽക്കുന്നത് എന്നാണ് സൈബർ വിഭാഗത്തിന്റെ കണ്ടെത്തൽ. സൈബർ തട്ടിപ്പ് കേസുകളിൽ ആദ്യം പിടിയിലാകുന്നത് അക്കൗണ്ട് ഉടമകളാണ്. സുഹൃത്തിന് കുറച്ച് പണം വരാനുണ്ടായിരുന്നെന്നും അതിനായി അക്കൗണ്ട് എടുത്തു നൽകിയെന്നുമാണ് പിടിയിലായവർ പറയുന്നത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പസുഹൃത്തുക്കളായ തട്ടിപ്പുസംഘത്തിനും അക്കൗണ്ട് എടുത്ത് നൽകുന്നവരുണ്ട്.
അക്കൗണ്ടിൽ വരുന്ന തുകയ്ക്കനുസരിച്ച് കമ്മിഷനോ അല്ലെങ്കിൽ പതിനായിരം രൂപ മുതലുള്ള തുകയോ ആയിരിക്കും പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്. അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. പണം അക്കൗണ്ടിലേക്ക് അയക്കുന്നത് ആരാണെന്നോ, എന്തിനാണെന്നോ, എവിടെ നിന്നാണെന്നോ, ആരാണ് തുക പിൻവലിക്കുന്നതെന്നോ യഥാർത്ഥ ഉടമകൾ അറിയുന്നത് അറസ്റ്റിലായി കഴിയുമ്പോഴായിരിക്കും.
സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരിൽ അക്കൗണ്ട് എടുപ്പിച്ച് തട്ടിപ്പ് സംഘത്തിന് വിറ്റ് കാശാക്കിയവരുമുണ്ടെന്നാണ്  പൊലീസിന്റെ കണ്ടെത്തൽ. പാൻ കാർഡ്, ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ പരിചയമില്ലാത്തവർക്ക് കൈമാറരുതെന്ന മുന്നറിയിപ്പും ആളുകൾ അവഗണിക്കുന്നത് തട്ടിപ്പുകാർക്ക് സഹായകമാകാറുണ്ട്.
Eng­lish Sum­ma­ry: Bank account sale: Police with warning
You may also like this video
Exit mobile version