Site iconSite icon Janayugom Online

ബാങ്ക് വിളി വിവാദം തുടരുന്നു; കര്‍ണാടകയില്‍ മുസ്‌ലിം പള്ളികള്‍ക്ക് നോട്ടീസ്

കര്‍ണാടകയില്‍ ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കാനും ക്രമീകരിക്കാനും മസ്ജിദുകള്‍ക്ക് നോട്ടീസ്. അനുവദനീയമായ ഡെസിബെല്‍ ലെവലില്‍ ഉച്ചഭാഷിണി ഉപയോഗിക്കണമെന്നാണ് പൊലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നത്. ബംഗളൂരുവില്‍ ഇരുനൂറിലേറെ പള്ളികള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ കാമ്പയിന്‍ ആരംഭിച്ചതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി.

നോട്ടീസുകള്‍ ലഭിച്ചതിനുശേഷം അനുവദനീയമായ ശബ്ദം ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണങ്ങള്‍ പള്ളികളില്‍ സ്ഥാപിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ശബ്ദമലിനീകരണ നിയമലംഘനം പരിശോധിക്കാന്‍ ഡിജിപി പ്രവീണ്‍ സൂദാണ് അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചത്. മതസ്ഥാപനങ്ങള്‍, പബ്ബുകള്‍, നൈറ്റ് ക്ലബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ശബ്ദമലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ് നിര്‍ദേശം.

ആശുപത്രികള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന നിശബ്ദ മേഖലകളില്‍ പോലും മസ്ജിദുകളില്‍ ഉച്ചഭാഷിണികളുടെ ദുരുപയോഗമുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നിവേദനം നല്‍കിയിരുന്നു. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും പ്രായമായവര്‍ക്കും രാത്രി ജോലി ചെയ്യുന്നവര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു. 

Eng­lish Summary:Bank call con­tro­ver­sy con­tin­ues; Notice to mosques in Karnataka
You may also like this video

Exit mobile version