Site iconSite icon Janayugom Online

ബാങ്ക് ഓഫ് ബറോഡയില്‍ തട്ടിപ്പുകള്‍ മറനീക്കുന്നു

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയിലെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തേക്ക്. ജീവനക്കാരും അവരുടെ ബന്ധുക്കളും ബാങ്കിന്റെ 362 ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രമക്കേട് നടത്തി 22 ലക്ഷം രൂപ അപഹരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു.
ആഭ്യന്തര അന്വേഷണ സമിതി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് നടത്താന്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട ബാങ്കിന്റെ ബോബ് കാര്‍ഡിന്മേല്‍ റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തി. തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരിവിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. 

ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ബാങ്കിങ് ആപ്പിന്റെ മറവിലുള്ള ലക്ഷങ്ങളുടെ വെട്ടിപ്പ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. ബാങ്കിന്റെ ബോബ് വേള്‍ഡ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിന് പകരം ബാങ്ക് ജീവനക്കാരുടെയും ബന്ധുക്കളുടെയും മൊബൈല്‍ നമ്പര്‍ വ്യാജമായി ചേര്‍ക്കുകയായിരുന്നു. മാനേജര്‍ തലം മുതല്‍ സെക്യൂരിറ്റി ഗാര്‍ഡ് വരെയുള്ളവര്‍ തട്ടിപ്പില്‍ പങ്കാളികളായി. മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരം ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ക്രമക്കേട് സംബന്ധിച്ച വിവരം ലഭിച്ചതായും വ്യാജ മൊബൈല്‍ ഫോണ്‍ നമ്പറിന്റെ വിവരങ്ങള്‍ ലഭിച്ചതായും ബാങ്ക് അധികൃതര്‍ പറഞ്ഞു. 

ബാങ്കിന്റെ ഏജന്റുമാര്‍ എന്ന് അറിയപ്പെടുന്ന ബിസിനസ് കറസ്പോണ്ടന്റസ് ആയിരക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. ആറ് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് 1.10 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു. ഒരു ഏജന്റ് 3.90 ലക്ഷം വരെ തട്ടിയെടുത്തതായും രേഖകള്‍ പറയുന്നു. റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആര്‍ബിഐ ഇടപെടല്‍ നടത്തുകയായിരുന്നു. ക്രമക്കേടിന് വഴിതെളിച്ച ബോബ് കാര്‍ഡിലേക്ക് കൂടുതലാളുകളെ ചേര്‍ക്കുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Summary:Bank of Bar­o­da frauds are hidden
You may also like this video

Exit mobile version