Site iconSite icon Janayugom Online

ധന വ്യവസായ ബാങ്കേഴ്സ് തട്ടിപ്പ്; മൂന്നാം പ്രതി കൊച്ചുറാണി അറസ്റ്റിൽ

നിക്ഷേപകരിൽ നിന്നും 42 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാം പ്രതി വടൂക്കര പാണഞ്ചേരി വീട്ടിൽ കൊച്ചുറാണി ജോയ് (62) അറസ്റ്റിൽ. തൃശൂരിൽ പ്രവർത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതികൾ വൻ തോതിൽ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചിരുന്നത്. ഈ കേസിലെ രണ്ടാം പ്രതിയും സ്ഥാപന ഉടമയുമായ ജോയ് ഡി പാണഞ്ചേരിയുടെ ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമാണ് കൊച്ചുറാണി. ജോയ് ഡി പാണഞ്ചേരി ഇപ്പോൾ ജയിലിലാണ്.

കൊച്ചുറാണി ഒളിവിൽ പോകുകയും, മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെയും സുപ്രീകോടതിയെയും സമീപിച്ചിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്ന് ഇന്നലെ അന്വേഷണോദ്യോഗസ്ഥനായ സിറ്റി സി-ബ്രാഞ്ച് അസി. കമ്മീഷണർ കെ എ തോമസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഇവരുടെ മക്കളും സ്ഥാപനത്തിന്റെ പാർട്ണർമാരുമായ ഡേവിഡ് പാണഞ്ചേരി (35), ചാക്കോ പാണഞ്ചേരി (32) എന്നിവരും കേസിൽ പ്രതികളാണ്. കണിമംഗലം സ്വദേശിയില്‍ നിന്നും 54 ലക്ഷത്തിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതുവരെയായി പ്രതികൾക്കെതിരെ 125 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പണം നഷ്ടപ്പെട്ടവർ ഇപ്പോഴും പരാതിയുമായി എത്തിക്കൊണ്ടിരിക്കുകയാണ്.

Eng­lish Sam­mury: Finan­cial Indus­try Bankers Fraud; The third accused, Kochu Rani, was arrested

Exit mobile version