മാറ്റത്തിന്റെ ഗതിവേഗങ്ങളിലൂടെ കടന്നുപോകുകയാണ് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല. വായ്പാ സഹകരണ സംഘങ്ങൾ ധാരാളം ബാങ്കിങ് സേവനങ്ങൾ സഹകാരികളായ ഇടപാടുകാർക്കു നൽകിവരുന്നുണ്ട്. സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ അവയുടെ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ഉപയോഗിക്കുന്നുമുണ്ട്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളായി സംസ്ഥാനത്ത് പ്രധാനമായും പ്രവർത്തിക്കുന്നത് സർവീസ് സഹകരണ ബാങ്കുകളാണ്. നിക്ഷേപം കൊണ്ടും വായ്പ കൊണ്ടും ശക്തമായ ധനകാര്യ സ്ഥാപനങ്ങളാണിവ. ചെറിയ സംഘങ്ങൾ അവയുടെ ബൈലോ ഭേദഗതി ചെയ്താണ് ‘ബാങ്ക്’ എന്ന പേര് സ്വീകരിച്ചത്. എന്നാൽ കേരളത്തിലെ സുശക്തമായ ഈ പ്രസ്ഥാനത്തെ തളർത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാരുകൾ സ്വീകരിച്ചത് എന്നതാണ് വസ്തുത. രാജ്യത്തെ ബാങ്കിങ് മേഖലയിലെ നിക്ഷേപങ്ങൾ കുറയുന്നതും വായ്പ കൂടുന്നതും, നിക്ഷേപം മറ്റു മേഖലകളിലേക്ക് വ്യാപരിക്കുന്നതും സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ആർബിഐ യോഗത്തിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസ്താവനയുണ്ടായത്. “ചെറിയ തുകയാണെങ്കിൽ പോലും നിക്ഷേപിക്കാൻ ആളുകൾക്കിപ്പോൾ ഫലപ്രദമായ പല മാർഗങ്ങളുണ്ട്. അവർക്കിഷ്ടപ്പെട്ട വഴികളിലൂടെ നിക്ഷേപിക്കാൻ അവകാശമുണ്ട്. ഇതനുസരിച്ച് ആകർഷകമായ പദ്ധതികൾ തയ്യാറാക്കി നിക്ഷേപ സമാഹരണം നടത്താൻ ബാങ്കുകൾക്കാവണം”. നിക്ഷേപം കുറഞ്ഞിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രസ്താവനയും വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം ബാങ്കുകളുടെ ബിസിനസ് ഏജന്റുമാരാകാൻ സഹകരണ സംഘത്തെ അനുവദിക്കുമെന്ന പുതിയ കേന്ദ്ര നിർദേശത്തെ കാണാൻ.
‘ബാങ്കിങ് സൗകര്യമില്ലാത്തതോ, കുറഞ്ഞതോ ആയ പ്രദേശങ്ങളില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ബാങ്കുമായി ബന്ധപ്പെട്ട വ്യക്തികളോ സംവിധാനമോ’ എന്നാണ് ബാങ്കിങ് കറസ്പോണ്ടന്റ് എന്നതിന്റെ ലളിത നിർവചനം. 2006 മുതലാണ് രാജ്യത്ത് ഈ സങ്കല്പം റിസർവ് ബാങ്ക് അംഗീകരിക്കുന്നത്. ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ എച്ച് ആർ ഖാൻ നൽകിയ ഒരു റിപ്പോർട്ടാണ് ബാങ്കിങ് കറസ്പോണ്ടന്റ്സ് എന്ന ആശയത്തിന് കാരണമായി മാറിയത്. ഇപ്പോൾ വന്ന നിർദേശ പ്രകാരം വായ്പാ സഹകരണ സംഘങ്ങൾക്കു മാത്രമല്ല വില്ലേജ്തലത്തിൽ പ്രവർത്തിക്കുന്ന വായ്പേതര സഹകരണ സംഘങ്ങൾക്കും കറസ്പോണ്ടന്റ് ആയി പ്രവർത്തിക്കാൻ അനുമതി ലഭിക്കും. ക്ഷീര സഹകരണ സംഘങ്ങൾ ഉൾപ്പെടെ ഈ പട്ടികയിൽ ഇടം പിടിക്കുകയാണ്.
നിലവിൽ സംസ്ഥാന സഹകരണ ബാങ്കിനും ജില്ലാ സഹകരണ ബാങ്കിനുമാണ് അവയുടെ ബാങ്കിങ് കറസ്പോണ്ടന്റുകളെ നിശ്ചയിക്കാനാവുക. കോർ ബാങ്കിങ് സംവിധാനവും ഒമ്പത് ശതമാനത്തിന് മുകളിൽ മൂലധന പര്യാപ്തതയുമുള്ള, ലാഭത്തിൽ പ്രവർത്തിക്കുന്ന 10 ശതമാനത്തിൽ താഴെ എൻപിഎ ഉള്ള ബാങ്കുകൾക്ക് കറസ്പോണ്ടന്റുമാരെ നിയോഗിക്കാം. സിആർആർ, എസ്എൽആർ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വന്ന ബാങ്കുകൾക്ക് കറസ്പോണ്ടന്റ്സ് നിയോഗത്തിന് തടസമുണ്ടാകും.
നിക്ഷേപകർ, ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും അനിയന്ത്രിതമായി നിക്ഷേപ സാധ്യത തേടുന്നതിനെ കേന്ദ്ര സർക്കാരും ആർബിഐയും ഗൗവരവമായി കാണുന്നു എന്ന് വേണം ഈ നീക്കത്തിൽ നിന്നും മനസിലാക്കേണ്ടത്. ഗ്രാമീണ മേഖലയിൽ ബാങ്കുകളുടെ ഇടപാടുകള്‍ വർധിപ്പിക്കാൻ പുതിയ ശാഖകളും മറ്റും ആരംഭിക്കുന്നതിനെക്കാൾ പടർന്നുപന്തലിച്ച സഹകരണ പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തുതാണ് നല്ലതെന്ന് കേന്ദ്ര സർക്കാരും ആർബിഐയും തിരിച്ചറിയുകയാണോ?
സുശക്തമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖല. സഹകരണ മേഖലയിൽ 2.5 ലക്ഷം കോടി നിക്ഷേപവും 1.8 ലക്ഷം കോടി വായ്പയും ഉള്ളതായി കണക്കാക്കപ്പെടുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ 12,241 പ്രാഥമിക സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നു. 3,000ത്തിലധികം ക്ഷീര സഹകരണ സംഘങ്ങളും അറുനൂറിലധികം മത്സ്യത്തൊഴിലാളി സംഘങ്ങളും സഹകരണ മേഖലയുടെ ഭാഗമാണ്. ഈ ശൃംഖലയെ സംസ്ഥാന സഹകരണ ബാങ്കിന്റെ ബാങ്കിങ് കറസ്പോണ്ടന്റ്സ് ആക്കി മാറ്റിയാൽ കുറഞ്ഞ ചെലവിൽ ബാങ്കിങ് സേവനങ്ങളുടെ വിശാലമായ വാതിൽ തുറക്കാൻ കഴിയും.
സഹകാരികളായ അംഗങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ നൽകുന്ന കാര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾ നിലവിൽ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. സഹകരണ സംഘങ്ങൾ ബാങ്കുകളല്ലെന്ന് ഓർമ്മിപ്പിക്കുന്ന ധാരാളം പത്രക്കുറിപ്പുകൾ ആർബിഐയുടേതായി വന്നുകഴിഞ്ഞു. സംഘങ്ങൾ അവയുടെ സേവിങ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് ഇടപെടുകാർക്ക് നൽകുന്ന ചെക്കുകൾ കേവലം വിത്ഡ്രാേവൽ സ്ലിപ്പുകളായി രൂപാന്തരപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ആർടിജിഎസ്, എൻഇഎഫ്‌ടി സേവനങ്ങളും മറ്റു യുപിഐ സേവനങ്ങളും നല്‍കാന്‍ സംഘങ്ങൾക്ക് സംവിധാനമില്ല. എടിഎം, സിഡിഎം പോലുള്ള സംവിധാനങ്ങൾ നടപ്പാക്കിയ പ്രാഥമിക സഹകരണ സംഘങ്ങള്‍ വൈഷമ്യം അനുഭവിക്കുകയാണ്. ഗൂഗിൾ പേ, സ്കാൻ പേ പോലുള്ള ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ സൗകര്യങ്ങളും സഹകരണ സംഘങ്ങൾക്ക് അന്യമാണ്. കേരളത്തിലെ സഹകരണ മേഖല ചർച്ചചെയ്തു തള്ളിയ വൈദ്യനാഥൻ കമ്മിഷൻ റിപ്പോർട്ടും പ്രകാശ് ബക്ഷി റിപ്പോർട്ടും പുതിയ രൂപത്തിലും ഭാവത്തിലും സഹകരണ ബാങ്കിങ് മേഖലയിലേക്ക് വീണ്ടും കടന്നുവരുമ്പോൾ സഹകാരികള്‍ക്ക് ആശങ്ക കൂടുകയാണ്. സഹകരണത്തിലുള്ള കേന്ദ്ര കടന്നുകയറ്റം സംസ്ഥാനത്തെ സഹകരണരംഗത്ത് മ്ലാനത വിതറുകയാണ്. ഒരു വശത്ത് പേരിൽ നിന്ന് ‘ബാങ്ക്’ നീക്കം ചെയ്യണമെന്ന നിർദേശം, സുപ്രീം കോടതി നിർദേശം പോലും അവഗണിക്കുന്ന ആദായ നികുതി വകുപ്പ് നിലപാടുകൾ, മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ നിയന്ത്രണമില്ലാത്ത കടന്നുവരവ്, കേരള ബാങ്കിന് സാമാന്തരമായി ജില്ലാ ബാങ്കുകൾ വരുമോ എന്ന ആശങ്ക, ഇപ്പോഴിതാ ബാങ്കിങ് കറസ്പോണ്ടന്റ് നിർദേശവും.
യഥാർത്ഥത്തിൽ ആർബിഐ ചെയ്യേണ്ടത് കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് റേറ്റിങ് നടത്തി മാനദണ്ഡം നിശ്ചയിച്ച്, അവയെ ഘട്ടംഘട്ടമായി ബാങ്കിങ് ലൈസൻസ് നൽകി ബാങ്കാക്കി മാറ്റുക എന്നതാണ്. സഹകരണ തത്വത്തിൽ അധിഷ്ഠിതമായ മാറ്റങ്ങൾ പരിഗണിച്ച് പ്രത്യേക ഇളവുകൾ നൽകുകയും വേണം. ഇന്ന് നടത്തുന്ന ബിസിനസുകളും സാമൂഹ്യ സേവനങ്ങളും തുടരാനാകുമോ എന്ന ഉൽക്കണ്ഠയാണ് ബാങ്കിങ് ലൈസൻസുമായി ബന്ധപ്പെട്ട് സഹകാരികളിൽ നിലനിൽക്കുന്നത്. ഇത്തരം ആശങ്കകൾ പരിഹരിച്ചു സംസ്ഥാന സഹകരണ വകുപ്പിനെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സമൂർത്ത നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനവും മാറ്റങ്ങളോട് മുഖംതിരിഞ്ഞു നിൽക്കേണ്ടതില്ല. ബാങ്കിങ് കറസ്പോണ്ടന്റ്സ് എന്ന ആശയം സംസ്ഥാന സഹകരണ മേഖലയ്ക്ക് എത്രമാത്രം ഗുണകരമാണ് എന്ന പഠനവും സംവാദവുമാണ് ഉയർന്നുവരേണ്ടത്.