Site iconSite icon Janayugom Online

ബാങ്കിങ് അറിയിപ്പുകൾ പ്രാദേശിക ഭാഷയിലും നൽകണം: ഉപഭോക്തൃ കോടതി

ബാങ്കിങ് രംഗത്ത് തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ ഉപഭോക്താക്കൾക്കുള്ള നിർദേശങ്ങൾ അവർക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയിലും നൽകണമെന്ന് റിസർവ് ബാങ്കിന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശം നൽകി. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമുകൾ, എടിഎം കാർഡുമായി ബന്ധപ്പെട്ട നിബന്ധനകൾ, എസ്എംഎസ്, ഇമെയിൽ അലർട്ടുകൾ എന്നിവ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്താനാണ് നിർദേശം.

എറണാകുളം പറവൂർ സ്വദേശിനി അംബിക ഗോപി എസ്ബിഐ ചെറിയപ്പിള്ളി ബ്രാഞ്ചിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ പ്രസിഡന്റ് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിർദേശം പുറപ്പെടുവിച്ചത്. പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്ന് 45,000 രൂപ പല ദിവസങ്ങളിലായി എടിഎം കാർഡ് ഉപയോഗിച്ച് മറ്റാരോ പിൻവലിക്കുകയും പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരിക്ക് മൊബൈൽ ഫോണിൽ വന്ന എസ്എംഎസ് അലർട്ട് വായിക്കാൻ അറിയില്ലായിരുന്നു. ഇക്കാരണത്താൽ, രണ്ടുമാസത്തിനു ശേഷമാണ് പണം പിൻവലിച്ച വിവരം അറിയുന്നത്. തുടർന്ന് ബാങ്കിനും പൊലീസിലും പരാതി നൽകി. പണം നഷ്ടപ്പെട്ട് രണ്ടുമാസം കഴിഞ്ഞശേഷം പരാതി ലഭിച്ചതിനാലാണ് നടപടി സ്വീകരിക്കാൻ കഴിയാതിരുന്നത് എന്നും പണം നഷ്ടപ്പെട്ട് ഏഴു ദിവസം കഴിഞ്ഞാൽ ബാങ്കിന് ഉത്തരവാദിത്തമില്ലെന്നും എസ്ബിഐ വാദം ഉന്നയിച്ചു. എടിഎം പിൻ വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കാത്തതും ബാങ്കിന്റെ എസ്എംഎസ് അറിയിപ്പ് വായിച്ച് മനസിലാക്കാൻ കഴിയാത്തതുമാണ് പരാതിക്കാരിയുടെ പണം നഷ്ടപ്പെടാൻ കാരണമെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

Eng­lish Summary:Banking notices should also be giv­en in local lan­guage: Con­sumer Court
You may also like this video

Exit mobile version