Site iconSite icon Janayugom Online

ബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്തിത്തുടങ്ങി; ജീവിതഭാരം കൂടുന്നു

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ സ്വകാര്യ‑പൊതുമേഖലാ ബാങ്കകൾ പലിശ നിരക്ക് ഉയർത്തി തുടങ്ങി.

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ(ബിഒഐ) മുതല്‍ സ്വകാര്യബാങ്കായ എച്ച്എഡിഎഫ്സി വരെ കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ പലിശനിരക്ക് ഉയര്‍ത്തി. കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറുന്നതിനിടെയുണ്ടായ ഈ സാമ്പത്തിക ആഘാതം സാധാരണക്കാര്‍ക്കുമേല്‍ കനത്ത പ്രഹരമാണ് സൃഷ്ടിക്കുക.

റീട്ടെയ്ല്‍ പ്രൈം ലെന്‍ഡിങ് റേറ്റില്‍ (ആര്‍പിഎല്‍ആര്‍)30 ശതമാനം വര്‍ധന വരുത്തിയതായി എച്ച്ഡിഎഫ്സി ലിമിറ്റഡ് ഇന്നലെ അറിയിച്ചു. ഇതോടെ ഭവന വായ്പയില്‍ ഉള്‍പ്പെടെ ഭീമമായ വര്‍ധനവായിരിക്കും ഉണ്ടാകുക.

തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നേരത്ത എച്ച്ഡിഎഫ്സി വായ്പാ നിരക്ക് അഞ്ച് ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. പുതിയ വായ്പയെടുക്കുന്നവർക്കുള്ള പുതുക്കിയ നിരക്കുകൾ 7 മുതൽ 7.45 ശതമാനം വരെ ആയിരിക്കും. നിലവിലിത് 6.70 മുതൽ 7.15 ശതമാനം വരെയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ പലിശയില്‍ 60 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്. ഇത് ഇന്നലെ മുതല്‍ പ്രബല്യത്തില്‍ വന്നു. നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ നിക്ഷേപങ്ങള്‍ക്കും നിലവിലുള്ളതും പുതുക്കിയതുമായ നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ പലിശനിരക്ക് ബാധകമായിരിക്കും.

സ്വകാര്യ ബാങ്കായ ഐസിഐസിഐ വായ്പ പലിശ നിരക്ക് 8.10 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഐസിഐസിഐക്ക് പുറമെ പൊതുമേഖല ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയും പലിശ നിരക്ക് ഉയർത്തി. 6.90 ആണ് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ പലിശ നിരക്ക്. ബാങ്ക് ഓഫ് ഇന്ത്യയുടെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെയും 7.25ലേക്ക് ഉയരുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഇബിഎല്‍ആര്‍ 6.65 ശതമാനം വര്‍ധിപ്പിച്ചു. 2022 ഏപ്രില്‍ ഒന്നുമുതലാണ് ഇത് പ്രബല്യത്തില്‍ വന്നത്. കഴിഞ്ഞ മാസം എല്ലാ കാലാവധിയിലുമുള്ള വായ്പാ പലിശകള്‍ക്ക് എസ്ബിഐ പത്ത് ബേസിസ് പോയിന്റിന്റെ വര്‍ധന വരുത്തിയിരുന്നു.

ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തിയതോടെ പുതിയ നിരക്ക് 4.40 ശതമാനത്തിലെത്തി. രണ്ട് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് രാജ്യത്തെ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്.

ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തെ തുടര്‍ന്ന് നാണ്യപ്പെരുപ്പം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ ഇത്തരത്തിലൊരു നീക്കം നടത്തിയത് എന്നാൽ റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. മാർക്കറ്റിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് റിപ്പോ നിരക്കുകൾ വർധിപ്പിക്കുന്നതിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്.

Eng­lish sum­ma­ry; Banks also start rais­ing inter­est rates; The bur­den of life increases

You may also like this video;

Exit mobile version