കാർഷിക സ്വർണപ്പണയ വായ്പ നൽകാൻ വിമുഖതകാട്ടി ദേശസാത്കൃത ബാങ്കുകൾ. കേന്ദ്രസർക്കാർ സബ്സിഡി നൽകാതെ വന്നതോടെയാണ് ബാങ്കുകൾ കാർഷിക സ്വർണപണയ വായ്പ നൽകാൻ മടിക്കുന്നത്. കാനറ ബാങ്ക് ഉൾപ്പടെ പൊതുമേഖല ബാങ്കുകൾ ഒന്നര മാസമായി ഈ വായ്പ കർഷകർക്ക് നൽകുന്നില്ല. നാലു ശതമാനം പലിശ നിരക്കിൽ കർഷകർക്ക് വായ്പ ലഭിക്കുന്ന പദ്ധതിയാണ് മുന്നറിയിപ്പൊന്നും കൂടാതെ അവസാനിപ്പിച്ചിരിക്കുന്നത്.
ഏഴു ശതമാനമാണ് പലിശ. ഇതിൽ മൂന്ന് ശതമാനം കേന്ദ്രസർക്കാർ സബ്സിഡിയായി ബാങ്കുകൾക്ക് നൽകും. നാല് ശതമാനം വായ്പ എടുക്കുന്ന ആളും അടയ്ക്കണം. എന്നാൽ കേന്ദ്രം ഇപ്പോൾ സബ്സിഡി നൽകുന്നില്ലെന്നാണ് ബാങ്കുകളുടെ പരാതി. രണ്ട് വർഷം മുൻപ് പദ്ധതി പൂർണമായും നിർത്തലാക്കിയിരുന്നു.
കർഷകർ പ്രതിഷേധിച്ചതോടെ പുനരാരംഭിച്ചു. എന്നാൽ 1.6 ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വർണപ്പണയ വായ്പകൾക്ക് മാത്രമേ സബ്സിഡിയുള്ളെന്ന നിബന്ധനയും ഇതോടൊപ്പമുണ്ടായി. തുടക്കത്തിൽ ഏതു തുകയ്ക്കും പലിശ ഇളവ് ലഭിച്ചിരുന്നു.
സ്വർണം ഗ്രാമിന് ഒരോ ബാങ്കും ഒരോ തുകയാണ് വായ്പയായി നൽകുക. മൂന്നു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. ഒരു വർഷത്തിനു ശേഷം പലിശ നൽകിയാൽ മതിയാകും. ചില ബാങ്കുകൾ പലിശ മാത്രം നൽകി വായ്പ ഒന്നിലേറെ വർഷം പുതുക്കാൻ അനുവദിക്കാറുണ്ട്. സ്വർണവും കരമടച്ച രസീതുമായി എത്തിയാൽ മിനിറ്റുകൾക്കം ലഭിച്ചിരുന്ന വായ്പയാണ് ഇല്ലാതാകുന്നത്.
English Summary: Banks avoid agricultural gold loans
You may also like this video