Site iconSite icon Janayugom Online

നിരോധിത കത്തി വിറ്റു: ബ്ലിങ്കിറ്റിനെതിരെ കേസ്

ഓൺലൈൻ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റിലൂടെ നിരോധിത ആയുധങ്ങളുടെ പട്ടികയില്പെടുന്ന കത്തികൾ വിറ്റഴിച്ച സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. പശ്ചിമ ഡൽഹിയിലെ ഖ്യാലയിൽ നടന്ന രണ്ട് വ്യത്യസ്ത കൊലപാതകങ്ങളിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ബ്ലിങ്കിറ്റിൽ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊലപാതക കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഓൺലൈൻ വഴി ആയുധങ്ങൾ ലഭിച്ച വിവരം പോലീസിന് ലഭിച്ചത്. ഇത് സ്ഥിരീകരിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ തന്നെ ബ്ലിങ്കിറ്റ് വഴി ആപ്പിൽ ‘ബട്ടർ നൈഫ്’ എന്ന് വിശേഷിപ്പിച്ചിരുന്ന കത്തികൾ ഓർഡർ ചെയ്തു. വെറും പത്ത് മിനിറ്റിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ കത്തികൾ ഡെലിവറി ചെയ്യപ്പെട്ടു. ഇവ പരിശോധിച്ചപ്പോഴാണ് നിശ്ചിത അളവിൽ കൂടുതൽ വലുപ്പമുള്ളതും മാരകവുമായ ആയുധങ്ങളാണ് ഇവയെന്ന് വ്യക്തമായത്.
സർക്കാർ വിജ്ഞാപന പ്രകാരം സാധാരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കത്തികൾക്ക് കൃത്യമായ അളവ് നിശ്ചയിച്ചിട്ടുണ്ട്. കത്തികളുടെ നീളം പരമാവധി 7.62 സെന്റിമീറ്ററും വീതി 1.72 സെന്റിമീറ്ററുമാണ് അനുവദനീയമായ പരിധി. പിടിച്ചെടുത്ത കത്തികളുടെ നീളം 8 സെന്റിമീറ്ററും വീതി 2.5 സെന്റിമീറ്ററുമാണ്. ഇത്രയും വലിയ കത്തികൾ ആയുധ നിയമപ്രകാരം നിരോധിക്കപ്പെട്ടവയാണ്. ഇത് കൈവശം വയ്ക്കുന്നതോ വിൽക്കുന്നതോ കുറ്റകരമാണ്.
വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡൽഹിയിലെ ബ്ലിങ്കിറ്റിന്റെ വിവിധ ഗോഡൗണുകളിലും ഔട്ട്‌ലെറ്റുകളിലും പൊലീസ് മിന്നൽ പരിശോധന നടത്തി. റെയ്ഡിൽ മാരകമായ 40 ലധികം കത്തികൾ പിടിച്ചെടുത്തു. വിതരണക്കാരായ കമ്പനികളെക്കുറിച്ചും ഇവ ആപ്പിൽ ലിസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. മതിയായ പരിശോധനകളില്ലാതെ ആയുധങ്ങൾ വിൽക്കുന്നത് നഗരത്തിലെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബ്ലിങ്കിറ്റ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Exit mobile version